തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് പണമിടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ അഴിമതി നിരോധന നിയമപ്രകാരം മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന ഇഡിയുടെ നിലപാടിനെ അനുകൂലിക്കുന്നതാണ് കോടതി വിധി. പൊതുപ്രവർത്തകൻ കെഎം ഷാജഹാനാണ് ഹർജി നൽകിയത്.
പ്രാഥമിക അന്വേഷണം നടത്തിയ ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്താൽ മതിയെന്ന വിജിലൻസിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പര്യാപ്തമായ തെളിവുകളും സാക്ഷിമൊഴികളും ഡയറിക്കുറിപ്പുകളും ഉണ്ടെന്ന് ഇഡി കോടതിയെ ബോധിപ്പിച്ചിരുന്നു. ഡയറിക്കുറിപ്പുകളുടെ അടിസ്ഥാനത്തിൽ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന് കേസിലെ വാദത്തിനിടെ ഇഡി കോടതിയിൽ പറഞ്ഞിരുന്നു.
എന്നാൽ, സുപ്രീം കോടതി ഉത്തരവുകളടക്കം മുന്നോട്ടുവച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്ന് സർക്കാർ വാദിച്ചു. ഹൈക്കോടതി വിധി വന്നതോടെ വിജിലൻസിന് പ്രാഥമിക അന്വേഷണത്തിനൊപ്പം പിണറായിക്കും റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടിവരും. വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നാണ് ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജനും വിഷയത്തിൽ പ്രതികരിച്ചു.
'സാധാരണ ഇത്തരത്തിലൊരു ഹർജി വന്നാൽ, ബന്ധപ്പെട്ടവരെ കേൾക്കുക എന്നത് സാമാന്യ നീതിയുടെ ഭാഗമാണ്. ഇവിടെ അത് കേട്ടിട്ടില്ല. വിധിയുടെ വിശദാംശങ്ങൾ പരിശോധിച്ച് നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ച് മറ്റ് വിശദാംശങ്ങൾ പറയാം. യഥാർത്ഥത്തിൽ ഇഡി വ്യാജരേഖകളും വ്യാജമൊഴികളും എക്സാലോജിക് കേസിൽ ഉണ്ടാക്കിയെന്നത് ഇപ്പോൾ പുറത്തുവന്ന വിവരമാണ്. സിഎംആർഎൽ കമ്പനിയുടെ എംഡിയെയും ചീഫ് ജനറൽ മാനേജരെയും ചീഫ് ഫിനാൻഷ്യൽ ഓഫീസറെയും ഭീഷണിപ്പെടുത്തിയാണ് അവരിൽ നിന്ന് മൊഴിയെടുത്തത്.
ഇക്കാര്യം ഈ മൂന്നുപേരും സത്യവാംഗ്മൂലത്തിലൂടെ ഇഡി ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. മകളെ ഹവാല കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് റിയാസിന്റെ സുഹൃത്ത് വാരിസ് ഒപ്പിട്ടുകൊടുത്തത്. വാരിസ് ഇക്കാര്യം സത്യവാംഗ്മൂലത്തിലൂടെ ഇഡി റീജണൽ ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. ഇതെല്ലാം കോടതി മുമ്പാകെ എത്തിക്കണം'- എം വി ജയരാജൻ പറഞ്ഞു.