ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സൈനിക പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നവാൻ കില്ലി പട്ടണത്തിന് സമീപമാണ് അപകടമുണ്ടായത്. പാക് സൈന്യത്തിന്റെ പിഎസി എംഎഫ്ഐ-17 മുഷ്ഷാക് പരിശീലന വിമാനമാണ് തകർന്നുവീണത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് സൈന്യത്തിന്റെ പ്രാഥമിക വിശദീകരണം. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പൈലറ്റുമാരുടെ മരണത്തിൽ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഇരുവരും അറിയിച്ചു. പാകിസ്ഥാനിൽ പരിശീലന പറക്കലിനിടെയുള്ള വിമാനാപകടങ്ങൾ പതിവാകുകയാണ്. എന്നാൽ അപകടങ്ങളുടെ കാരണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ അധികൃതർ പുറത്തുവിടാറില്ല. അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത് അപൂർവമാണ്. കഴിഞ്ഞ ജൂണിലും വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ പതിവ് പരിശീലന പറക്കലിനിടെ വ്യോമസേനാ വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചിരുന്നു.