ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ആശ്വാസം. കേസിലെ വിചാരണ നടപടികൾ സുപ്രീംകോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. കേസിൽ വിചാരണ തുടരാൻ അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നടപടി.
'ചോറോം കേ സർദാർ', 'കമാൻഡർ-ഇൻ-തീഫ്' എന്നീ പരാമർശങ്ങളിലൂടെ നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയെന്ന കേസാണ് രാഹുൽ ഗാന്ധിക്ക് എതിരെ ഉയർന്നത്. ജസ്റ്റിസുമാരായ വിക്രം നാഥ്, അപരേഷ് കുമാർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന നിർദേശത്തോടെ കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ചു. അതുവരെ വിചാരണക്കോടതിയിലെ തുടർനടപടികൾ സ്റ്റേ ചെയ്യാനും ഉത്തരവിട്ടു. രാഹുൽ ഗാന്ധിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയാണ് സുപ്രീംകോടതിയിൽ ഹാജരായത്.
ബിജെപി പ്രവർത്തകനായ മഹേഷ് ശ്രീശ്രിമാലാണ് രാഹുൽ ഗാന്ധിക്കെതിരെ കേസ് നൽകിയത്. പ്രധാനമന്ത്രിക്കെതിരായ പരാമർശങ്ങൾ ബിജെപിയെയും പാർട്ടി അംഗങ്ങളെയും അപകീർത്തിപ്പെടുത്തുന്നതാണെന്നായിരുന്നു പരാതിക്കാരന്റെ വാദം. പരാമർശങ്ങൾ പ്രധാനമന്ത്രിയെ മാത്രമല്ല അദ്ദേഹവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടിയെയും പ്രവർത്തകരെയും ലക്ഷ്യമിടുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ പാർട്ടി പ്രവർത്തകനെന്ന നിലയിൽ തനിക്ക് പരാതി നൽകാൻ അവകാശമുണ്ടെന്നുമാണ് അദ്ദേഹം വാദിച്ചത്.
എന്നാൽ, ഒരു രാഷ്ട്രീയ പാർട്ടിയെയും വ്യക്തിയെയും ലക്ഷ്യമിട്ടായിരുന്നില്ല പരാമർശം എന്നായിരുന്നു രാഹുലിന്റെ അഭിഭാഷകൻ വാദിച്ചത്. വിചാരണക്കോടതി നൽകിയ സമൻസിനെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്ന് വിചാരണ നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.