ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനുള്ള വാദങ്ങളുടെ തീവ്രത കുറച്ച് ബിജെപി. ഭരണമാറ്റത്തിനുള്ള മുറവിളിയാണ് പ്രതിപക്ഷം ഉയർത്തുന്നതെന്ന വാദമാണ് ഇപ്പോൾ ബിജെപി ശക്തമാക്കുന്നത്. ഫ്രാൻസിലെ പ്രക്ഷോഭവുമായി കൂട്ടിക്കെട്ടി, വിദേശ പിന്തുണയോടെയാണ് ഡൽഹിയിലെ പ്രക്ഷോഭമെന്ന ആരോപണവും ഉന്നയിക്കുന്നു. ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ പലതിലും കഴമ്പുണ്ടെന്ന് പരോക്ഷമായി സമ്മതിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ പല തിരുത്തലുകൾ വരുത്തി. വിവാദമായ ഫോം 6 ലെ മാറ്റം തങ്ങൾ അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.
ഫലത്തിൽ, പ്രതിപക്ഷത്തിന്റെ വാദങ്ങൾ ശക്തിപ്പെട്ടു. ഈ സ്ഥിതിയിൽ കമ്മിഷനെ അമിതമായി ന്യായീകരിക്കേണ്ടെന്ന വിലയിരുത്തലാണ് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, എസ്ഐആറിനെ തള്ളിപ്പറയുന്നത് പാർട്ടിയുടെ വിജയങ്ങളെ ചോദ്യം ചെയ്യുന്നതിനു തുല്യമാവും – ആഭ്യന്തരമന്ത്രി അമിത് ഷാ എസ്ഐആറിനെ ന്യായീകരിക്കുന്നതിനെ അങ്ങനെയാണ് പാർട്ടി വൃത്തങ്ങൾ വ്യാഖ്യാനിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും തെലങ്കാനയിലും ഹിമാചൽപ്രദേശിലും പ്രതിപക്ഷമാണ് തിരഞ്ഞെടുപ്പു വിജയിച്ചതെന്നും അപ്പോൾ വോട്ടർ പട്ടികയെക്കുറിച്ചു പരാതിയുണ്ടായില്ലെന്നും അമിത് ഷാ ഇന്നലെ പറഞ്ഞു. ഇതിൽ പക്ഷേ, ഹിമാചൽ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിയല്ല മുഖ്യ എതിർകക്ഷിയെന്നത് അമിത് ഷായുടെ വാദത്തെ ദുർബലമാക്കുന്നു.
പ്രതിപക്ഷസമരം ശക്തമായശേഷവും മുതിർന്ന മന്ത്രിമാർ കമ്മിഷനെ പ്രതിരോധിക്കാനോ സമരത്തെ വിമർശിക്കാനോ സജീവമായി രംഗത്തെത്തിയിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. ദിവസങ്ങൾക്കുശേഷം, കഴിഞ്ഞ 16 ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് പ്രതിപക്ഷ സമരത്തെ ബംഗ്ലദേശിലെ സമരവുമായി ചേർത്തുവച്ച് ഭരണമാറ്റ ശ്രമം ആരോപിച്ചത്. ഐസ നേതാവ് നേഹയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ ആരോപണം. പിന്നാലെ, മറ്റു ചില മന്ത്രിമാരും ഇതേ ആരോപണം ആവർത്തിച്ചു. പ്രതിപക്ഷം കൂട്ടായ സമരത്തിന് അവധികൊടുത്തശേഷമാണ് ബിജെപി പ്രത്യാക്രമണം ശക്തമാക്കിയത്.