സ്വർണവില കൂപ്പുകുത്തുന്നു; രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് 2,640 രൂപ, ആഭരണം വാങ്ങാൻ ഇതാണോ അവസരം?

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്. ഗ്രാമിന് 175 രൂപ കുറഞ്ഞ് 13,060 രൂപയും പവന് 1400 രൂപ കുറഞ്ഞ് വില 1,04,480 രൂപയുമായി. ഇന്നലെ പവന് ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞ് 1,05,880 രൂപയിൽ എത്തിയിരുന്നു. രണ്ട് ദിവസം കൊണ്ട് 2,640 രൂപയാണ് പവന് കുറഞ്ഞത്. ഈ മാസം പത്തിന് പവന്റെ വില 1,11,040 രൂപയായിരുന്നു. ഉയ‌ർന്ന നിരക്കിൽ നിന്ന് സ്വർണവില താഴേക്ക് എത്തുന്നത് ആഭരണം വാങ്ങാൻ തയ്യാറെടുക്കുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4000 ഡോളറിന് താഴേക്ക് എത്തി. സൗദി അറേബ്യയെ ഉന്നമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങളും ഇറാനിൽ തുടരുന്ന സ്ഫോടനങ്ങളും മൂലം ക്രൂഡോയിൽ‌ വില കുതിച്ചുകയറുന്നതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്. കൂടാതെ,​ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ പ്രഖ്യാപനം അടുത്തയാഴ്ചയാണ്. ഈമാസം പലിശനിരക്ക് കൂട്ടാനിടയില്ലെങ്കിലും ഡിസംബറിൽ കൂട്ടാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡിസംബറോടെ സ്വർണവില കൂടുതൽ താഴെയെത്തുമെന്ന സൂചനയാണിത് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *