വാർസോ: പോളണ്ടിൽ മലയാളികൾ നിർമിച്ച ഹൈഡ്രേഷൻ പാനീയമായ 'അടിപൊളി' ഇന്ത്യയിലേയ്ക്ക് എത്തുന്നു. പാലക്കാട് സ്വദേശികളായ ചന്ദ്രമോഹൻ നല്ലൂരു, സർഗീവ് സുകുമാരൻ എന്നിവർ ചേർന്ന് ഹെഗ്സകൻ സ്പിരിറ്റ്സ് ഇന്റർനാഷണൽ എന്ന സ്റ്റാർട്ടപ്പിന് കീഴിൽ തുടക്കമിട്ട 'മലയാളി' എന്ന ബ്രാൻഡ് 2026ൽ പുറത്തിറക്കിയ ആൽക്കഹോൾ രഹിത പാനീയമാണ് 'അടിപൊളി'. 2027 ജനുവരി മുതൽ പാനീയം ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യാ സന്ദർശനം നടത്തുന്ന പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിനൊപ്പമെത്തിയ ബിസിനസ് സംഘത്തിലെ ഏക മലയാളിയാണ് ചന്ദ്രമോഹൻ. ചെന്നൈ കേന്ദ്രമായ കമ്പനിയുടെ പിന്തുണയോടെയാണ് 'അടിപൊളി' ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രം ഇന്ന് ബംഗളൂരുവിൽ നടക്കുന്ന ഇന്ത്യ – പോളണ്ട് ബിസിനസ് ഫോറത്തിൽ ഒപ്പിടുമെന്നാണ് വിവരം.
ഹെഗ്സകൻ സ്പിരിറ്റ്സിന്റെ 'മലയാളി' എന്ന ബിയർ കഴിഞ്ഞവർഷം കേരളത്തിൽ ലഭ്യമാക്കിയിരുന്നു. 'മലയാളികൾ അല്ലാത്തവർക്ക് ഏറ്റവുമധികം പരിചയമുള്ള അഞ്ച് വാക്കുകളിൽ അടിപൊളിയുമുണ്ട്. രാജ്യാന്തര തലത്തിലെക്കുന്ന ഒരു പാനീയത്തിന് ഇതല്ലാതെ മറ്റൊരു വാക്കും യോജിക്കുമെന്ന് തോന്നുന്നില്ല'- ചന്ദ്രമോഹൻ വ്യക്തമാക്കി.
മദ്യവും കഫീനും ടോറിനും അടങ്ങിയിട്ടില്ലാത്ത ഉഷ്ണമേഖലാ പാനീയമാണ് അടിപൊളി. മാമ്പഴത്തിന്റെ രുചിയുള്ള ഇതിൽ വിറ്റാമിനുകളും മഗ്നീഷ്യവും അടങ്ങിയിരിക്കുന്നുവെന്നാണ് നിർമാതാക്കൾ പറയുന്നത്. വെള്ളം, പഞ്ചസാര, കാർബൺ ഡയോക്സൈഡ്, സിട്രിക് ആസിഡ്, ഓറഞ്ച് ടെർപീൻസ് എന്നിവയാണ് ഇതിലെ മറ്റ് ചേരുവകൾ.