ന്യൂഡൽഹി: ഇന്ത്യയുടെ പ്രമുഖ പാരാ അത്‌ലറ്റ് നീരജ് യാദവിനെ (42) ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് തവണ ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണ മെഡൽ നേടിയ താരമാണ്. നീരജ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് സംശയമെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യൻ പാരാ അത്ലറ്റിക്‌സ് പരിശീലകൻ എസ്. സത്യനാരായണയാണ് നീരജ് യാദവിന് ന്റെ മരണം സ്ഥിരീകരിച്ചത്. മൃതദേഹം ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്. പാരലിമ്പിക് ചാമ്പ്യൻ സുമിത് ആന്റിലും സഹ അത്ലറ്റ് വിപിൻ കസാനയും ആശുപത്രിയിലുണ്ട്. ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട് ലഭിച്ച സസ്പെൻഷൻ കാരണം ഐച്ചി-നാഗോയയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസ് നഷ്ടമായതിനെത്തുടർന്ന് നീരജ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2023 ഒക്ടോബറിൽ ബെംഗളൂരുവിലെ എസ്എഐ സെന്ററിൽ വെച്ച് നാഡ ശേഖരിച്ച മത്സരയിതര സാമ്പിളിൽ 'സ്റ്റാനോസോലോൾ' എന്ന അനാബോളിക് സ്റ്റിറോയിഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്ന് 2023 നവംബറിൽ ആന്റി-ഡോപ്പിങ് നിയമലംഘനം ആരോപിക്കപ്പെടുകയും 2024-ൽ നീരജ് താത്കാലിക സസ്പെൻഷനിലാവുകയും ചെയ്തു.