ഗസിയാബാദ്: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് യുവതിയും കാമുകനായ ജിം ട്രെയിനറും അറസ്റ്റില്‍. ഇക്കാര്യത്തിലുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രിയ ശര്‍മ്മയും ജിം ട്രെയിനറായ പ്രതാപ് സിംഗും ചേര്‍ന്ന് ഭര്‍ത്താവ് ശശാങ്ക് കന്താരിയയെ ആക്രമിച്ച കേസിലാണ് അറസ്റ്റിലായത്. ഒക്ടോബര്‍ 26-ാം തീയതി രാവിലെ വാസുന്ധരയിലെ വാടക ഫ്ലാറ്റില്‍ നിന്ന് പ്രിയ ശര്‍മ്മ പുറത്തിറങ്ങി മിനിറ്റുകള്‍ക്കകം പ്രതാപ് സിംഗ് ശശാങ്കിനെ കുത്തുകയായിരുന്നു. 12 തവണയാണ് കുത്തിയത്.
വാസുന്ധര സെക്ടര്‍-1 ലെ ജാഗൃതി റസിഡന്റ് വെല്‍ഫെയര്‍ അസോസി യേഷന്‍ സൊസൈറ്റിയിലെ വീട്ടില്‍ നിന്ന് ഒക്ടോബര്‍ 26 ന് പുലര്‍ച്ചെ 5:17 ന് പ്രിയ കാറില്‍ പുറത്തേക്ക് പോകുന്നതായി കാണാം. മൂന്ന് മിനിറ്റിനു ശേഷം, പ്രതാപ് സൊസൈറ്റിയിലൂടെ ഓടി വന്ന് അവരുടെ വീട്ടിലേക്ക് കയറുന്നത് ദൃശ്യങ്ങളിലുണ്ട്. ഉറങ്ങിക്കിടക്കുകയായിരുന്ന ശശാങ്കിനെ അദ്ദേഹം കുത്തിപ്പരിക്കേല്‍പ്പിച്ചു. ശശാങ്കിന്റെ നിലവിളിയും ദമ്പതികളുടെ 3 വയസ്സുള്ള കുഞ്ഞിന്റെ കരച്ചിലും കേട്ട് അയല്‍ക്കാര്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയെത്തി.
പുലര്‍ച്ചെ 5:23 ഓടെ പ്രതാപ് വീട്ടില്‍ നിന്നും രക്ഷപ്പെട്ടു. കെട്ടിടത്തിന് പുറത്തേക്ക് ഓടിയ പ്രതാപിനെ പ്രദേശത്ത് നടക്കാനിറങ്ങിയ അയല്‍ക്കാര്‍ സംശയം തോന്നി പിന്തുടര്ന്നു. ഒന്നുമില്ലെന്നാണ് ഇയാള്‍ അയല്‍ക്കാരോട് പറഞ്ഞത്. പിന്നീട് രണ്ട് ബൈക്ക് യാത്രികരുടെയും ഒരു സെക്യൂരിറ്റി ഗാര്‍ഡിന്റെയും സഹായത്തോടെ സൊസൈറ്റിയുടെ പ്രധാന കവാടത്തില്‍ വെച്ച് അയാളെ പിടികൂടി.
തുടര്‍ന്ന് അയല്‍ക്കാര്‍ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ ശശാങ്കിനെ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നിലവില്‍ അദ്ദേഹം ചികിത്സയിലാണ്. പുറത്തുനിന്നുള്ള ആര്‍ക്കും പ്രവേശിക്കാന്‍ താമസക്കാരുടെ അനുമതി ആവശ്യമുള്ള സൊസൈറ്റിയാണ് ഇത്. പ്രതാപിന്റെ പ്രവേശനം എളുപ്പമാക്കാന്‍ പ്രിയ വാതില്‍ തുറന്നിട്ടിരുന്നതായും പോലീസ് പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരാണ് ശശാങ്കും പ്രിയയും. നാല് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പ്രിയയുടെ രണ്ടാം വിവാഹം ആയിരുന്നു.ഫിറ്റ്നസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എന്ന ജിമ്മില്‍ പോകാന്‍ തുടങ്ങിയതിനു ശേഷമാണ് പ്രിയയും പ്രതാപും അടുത്തതും വാട്സാപ്പില്‍ ചാറ്റ് ചെയ്യാന്‍ തുടങ്ങിയതും എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏഴെട്ട് മാസമായി അവള് ജിമ്മില്‍ പോകുന്നുണ്ടായിരുന്നു. തങ്ങള്‍ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പ്രതാപ് ചോദ്യം ചെയ്യലില്‍ പറഞ്ഞു.
ബന്ധത്തെക്കുറിച്ച് അറിയാനിടയായ ശശാങ്ക് നവംബറിലെ ദീപാവലിക്ക് ശേഷം മറ്റൊരു സ്ഥലത്തേക്ക് താമസം മാറാന്‍ പദ്ധതിയിട്ടിരുന്നു. ഇതാണ് കൊലപാതക പദ്ധതിയിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ശശാങ്ക് അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിയത്. തലയിലും കഴുത്തിലും തോളിനും ഗുരുതര പരിക്കേറ്റ അദ്ദേഹത്തിന്റെ ശ്വാസകോശത്തിനും സാരമായ പരിക്കേറ്റിട്ടുണ്ട്.