കിഫ്‌ബി ക്രമക്കേട് അന്വേഷിക്കാൻ വിപുലമായ സംഘം; ഡിഐജി തോംസൻ നേതൃത്വം നൽകും

തിരുവനന്തപുരം: കിഫ്ബി ക്രമക്കേട് അന്വേഷിക്കാൻ വിപുലമായ സംഘം രൂപീകരിച്ച് സംസ്ഥാന സർക്കാർ. ഡിഐജി തോംസൻ ജോസിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. വിജിലൻസ് അന്വേഷിക്കുന്ന ഏറ്റവും ഉയർന്ന തുകയുടെ കേസാണിത്. രേഖകൾ ആവശ്യപ്പെട്ട് കിഫ്ബിക്ക് കത്ത് നൽകും. കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലാണ് എസ്ഐടി ആദ്യം അന്വേഷിക്കുന്നത്.

ഇന്നലെ ചേർന്ന മന്ത്രസഭാ യോഗത്തിലാണ് കിഫ്ബിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് തീരുമാനമെടുത്തത്. കിഫ്ബി പദ്ധതികളുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലും നിയമനങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും. കിഫ്ബിയെ കുറിച്ച് അന്വേഷിക്കാൻ സർ‌ക്കാർ നിയോഗിച്ച സുധാപിള്ള കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കിഫ്ബി വഴി കണ്ണൂർ ജില്ലയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ നടപടിക്രമങ്ങളിലെ വീഴ്‌ച സംബന്ധിച്ച് ധനകാര്യ റവന്യു വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെ വിശദമായ അന്വേഷണം നടത്താനാണ് മന്ത്രിസഭ സംസ്ഥാന വിജിലൻസിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചത്.

യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് കിഫ്ബിയിലെ മുൻകാല പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. അന്വേഷണ റിപ്പോർട്ടിൽ കിഫ്ബിയുടെ ഭാഗത്ത് നിന്നുണ്ടായ ക്രമക്കേടുകളും അഴിമതിയും ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോർട്ടിൽ പറയുന്ന പ്രധാന അഴിമതി ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളുമാണ് വിജിലൻസ് അന്വേഷിക്കുന്നത്. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും വരും ദിവസങ്ങളിൽ അന്വേഷണം നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *