ആ പ്ലാനും വിജയിച്ചു, വരുമാനക്കുതിപ്പിൽ കെഎസ്ആർടിസി: അരക്കോടി കടന്നു

ആലപ്പുഴ: ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ് പകർന്ന് ജലഗതാഗത വകുപ്പിന്റെയും കെ.എസ്.ആർ.ടി.സിയുടെയും പ്രത്യേക സർവീസുകൾ. 2026 ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ട് സർവീസിൽ 12403 സഞ്ചാരികൾ യാത്ര ചെയ്തു. 54.07 ലക്ഷം രൂപയാണ് വരുമാന നേട്ടം. ഇതേ കാലയളവിൽ സീ കുട്ടനാട് ബോട്ട് സർവീസിൽ 7406 യാത്രക്കാർ യാത്ര ചെയ്യുകയും 30.46 ലക്ഷം രൂപ വരുമാനം നേടുകയുമുണ്ടായി.

കുട്ടനാട് സഫാരിയിൽ 4803 യാത്രക്കാരും, 42.47 ലക്ഷം രൂപ വരുമാനവും നേടി. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ സജീവമായ ഇടപെടലുകൾ വഴി ആലപ്പുഴ ഡിപ്പോയിൽ കൈവരിച്ചത് മികച്ച സാമ്പത്തിക നേട്ടമാണ്. സാധാരണക്കാർക്ക് വിമാനയാത്ര ഉൾപ്പെടെയുള്ള ലക്ഷദ്വീപ് പാക്കേജുകൾ, ആഡംബര കപ്പൽ (നെഫെർടിറ്റി) യാത്രകൾ, കൂടാതെ മൂന്നാർ നീലക്കുറിഞ്ഞി (720 രൂപ), ഇലവീഴാപൂഞ്ചിറ (520 രൂപ), അടവി-ഗവി-പരുന്തുംപാറ (1800 രൂപ), മൂകാംബിക തുടങ്ങിയ ബഡ്ജറ്റ് പാക്കേജുകൾ വിജയകരമായി നടത്തിവരുന്നു.

ആലപ്പുഴയിൽ നിന്ന് മൂന്നാർ, ഗവി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൂടുതലും യാത്രകൾ. ലക്ഷദ്വീപ്, വാരണാസി, മലേഷ്യ എന്നിവിടങ്ങളിലേക്കാണ് പുതിയതായി തുടങ്ങുന്ന ടൂറിസം പാക്കേജുകൾ. അർത്തുങ്കൽ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കൃഷ്ണപുരം കൊട്ടാരം തുടങ്ങിയവയെ ബന്ധിപ്പിച്ച് പുതിയ തീർത്ഥാടന ടൂറിസം സർക്യൂട്ടും താമസിയാതെ നിലവിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *