കിഫ്ബി ഭൂമി ഏറ്റെടുക്കൽ ക്രമക്കേട്: അ​ന്വേഷണത്തിന് വന്‍ സംഘത്തെ നിയോഗിച്ച് വിജിലൻസ്

തിരുവനന്തപുരം: കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ശക്തമാക്കുന്നു. അന്വേഷണത്തിനായി ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ച് വിജിലൻസ് ഉത്തരവിറക്കി. വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് എസ്.പി ഇ.എൻ സുരേഷ് ബാബുവിനാണ് അന്വേഷണ ചുമതല. രണ്ട് ഡിവൈ.എസ്.പിമാരും ഏഴ് സി.ഐമാരും ഉൾപ്പെടുന്നതാണ് സംഘം. ഡി.ഐ.ജി തോംസൺ ജോസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് നീക്കം. കേസിന്റെ പ്രാധാന്യവും ഇടപാടിന്റെ വലുപ്പവും കണക്കിലെടുത്താണ് കൂടുതൽ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിരിക്കുന്നത്.

വിജിലൻസ് അന്വേഷിക്കുന്നതിൽ ഏറ്റവും ഉയർന്ന തുക ഉൾപ്പെടുന്ന കേസാണിത്. ആവശ്യമായ രേഖകൾ ഹാജരാക്കാൻ കിഫ്ബിക്ക് കത്ത് നൽകും. ഭൂമി ഏറ്റെടുക്കലിൽ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചിരുന്നോ, മൂല്യനിർണയത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിലുണ്ടാകും. ഭൂമി ഇടപാടുകൾക്ക് പിന്നിൽ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങൾ ഉണ്ടായിരുന്നോയെന്നും വിജിലൻസ് പരിശോധിക്കും. സ്പെഷ്യൽ യൂണിറ്റിലെ സി.ഐമാരാണ് അന്വേഷണ സംഘത്തിലുള്ളത്.

കണ്ണൂരിൽ 4,896 ഏക്കർ ഭൂമി 12,240 കോടി രൂപ ചെലവിട്ട് ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. വലിയ തോതിലുള്ള ഭൂമി ഇടപാടുകളിൽ നേരത്തെ തന്നെ ക്രമക്കേട് ആരോപണങ്ങൾ ഉയർന്നിരുന്നു. ഏകദേശം 1,000 ഏക്കർ ഭൂമി വാങ്ങിയതിലും പിന്നീട് 4,000 ഏക്കർ കൂടി ഏറ്റെടുക്കാൻ ശ്രമിച്ചതിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചിരുന്നു. കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിൽ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്നും വായ്പയ്ക്ക് സർക്കാർ ഗ്യാരണ്ടി വേണ്ടെന്ന ധനവകുപ്പ് നിർദേശം മറികടന്നത് റൂൾസ് ഓഫ് ബിസിനസ് ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *