ഫ്രാങ്ക്ഫർട്ട്: ജീവിതച്ചെലവ് വർധിക്കുന്നതിലും നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്താനുള്ള നീക്കത്തിലും പ്രതിഷേധിച്ച് ജർമനിയിൽ യുവജന പ്രക്ഷോഭം ശക്തമാകുന്നു. ജെൻ സി വിഭാഗത്തിന്റെ നേതൃത്വത്തിൽ ബെർലിൻ, ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് തുടങ്ങി 34 നഗരങ്ങളിലാണ് പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. പലയിടങ്ങളിലും സമരങ്ങൾ അക്രമാസക്തമായി. ഫ്രാങ്ക്ഫർട്ടിൽ മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാർ കടകൾ തകർക്കുകയും സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചു.
ശനിയാഴ്ച രാത്രി ഹാലോവീൻ ആഘോഷങ്ങൾക്കിടെയാണ് പല നഗരങ്ങളിലും പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറിയത്. ഫ്രാങ്ക്ഫർട്ടിൽ കുറഞ്ഞത് രണ്ട് കടകളെങ്കിലും കൊള്ളയടിക്കപ്പെട്ടതായാണ് റിപ്പോർട്ട്. പ്രതിഷേധക്കാർ പോലീസിനുനേരെ പെട്രോൾ ബോംബുകൾ എറിഞ്ഞതായി നഗരത്തിലെ പോലീസ് സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. അക്രമം നിയന്ത്രിക്കാൻ പോലീസ് ഏറെ പാടുപെട്ടു. നഗരമധ്യത്തിലെ നിരവധി കടകളുടെ ചില്ലുകളും തകർത്തു. ഹാംബർഗിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്.
'ജനറേഷൻ ഇസഡ് റീജൽറ്റ്' എന്ന പ്രചാരണ കൂട്ടായ്മയാണ് ജർമനിയിലെ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പൊതുസേവന മേഖലകൾക്ക് കൂടുതൽ സാമ്പത്തിക സഹായം ഉറപ്പാക്കുക, ജീവിതച്ചെലവിലെ വർധന നിയന്ത്രിക്കുക, നിർബന്ധിത സൈനിക സേവനം ഒഴിവാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. യുദ്ധത്തിനും ബലപ്രയോഗത്തിനും വേണ്ടിയല്ല, സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്ന് പ്രചാരണ വക്താവ് ലിന ഫ്രീഡ്രിക്ക് ബെർലിനിലെ റാലിയിൽ വ്യക്തമാക്കി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് കൂടുതൽ പിന്തുണ നൽകണമെന്നും യുവാക്കൾ ആവശ്യപ്പെട്ടു.
യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ഈ വർഷം ശക്തമായ യുവജന പ്രക്ഷോഭങ്ങൾ നടന്നതിന്റെ തുടർച്ചയായാണ് ജർമനിയിലെ സമരങ്ങളെയും വിലയിരുത്തുന്നത്. സെർബിയയിൽ ദീർഘകാലമായി അധികാരത്തിലിരുന്ന നേതാവിനെ തിരഞ്ഞെടുപ്പിലൂടെ പുറത്താക്കുന്നതിൽ വിദ്യാർഥി പ്രക്ഷോഭങ്ങൾ നിർണായകമായിരുന്നു. ഫ്രാൻസിലും സമാനമായ പ്രതിഷേധങ്ങൾ വലിയ സംഘർഷങ്ങളിലും കൊള്ളയിലും കലാശിച്ചിരുന്നു. ജർമനിയിലെ പ്രകടനങ്ങളിൽ ഭൂരിഭാഗവും സമാധാനപരമായിരുന്നെങ്കിലും ചില തീവ്രസ്വഭാവമുള്ള സംഘങ്ങൾ സാഹചര്യം മുതലെടുത്ത് അക്രമം അഴിച്ചുവിട്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
അതേസമയം, റാലികളിൽ 1,82,000 പേർ പങ്കെടുക്കുമെന്നായിരുന്നു സംഘാടകരുടെ കണക്കുകൂട്ടൽ. എന്നാൽ ബെർലിൻ, ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ ആകെ 18,000-ത്തോളം പേർ മാത്രമാണ് പങ്കെടുത്തതെന്നാണ് പോലീസിന്റെ പ്രാഥമിക കണക്ക്. പ്രതിഷേധങ്ങളുടെ വ്യാപ്തിയും അക്രമസംഭവങ്ങളും ജർമനിയിൽ വലിയ ചർച്ചയായിരിക്കുകയാണ്.