ഡിവൈ.എസ്‌.പി. നിയമനത്തിലും ക്രമക്കേടെന്ന്‌ പരാതി; മുന്‍ എസ്.എഫ്.ഐ. നേതാവിന് ഒന്നാം റാങ്ക്, പി.എസ്.സിയെ നിയന്ത്രിക്കുന്നത് ആറംഗ സംഘം?

തിരുവനന്തപുരം: പി.എസ്‌.സി. പരീക്ഷാ, നിയമന ക്രമക്കേടുകള്‍ പുറത്തുവരുന്നതിനിടെ കമ്മിഷനെ വീണ്ടും പ്രതിരോധത്തിലാക്കി പുതിയ പരാതി. മുന്‍ എസ്‌.എഫ്‌.ഐ. നേതാവിന്‌ ഒന്നാം റാങ്ക്‌ നല്‍കുന്നതിനായി ഡിവൈ.എസ്‌.പി. സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്‌ പരീക്ഷയില്‍ ക്രമക്കേട്‌ നടത്തിയെന്നാണ്‌ ആരോപണം. കെ.ജെ. ജിതിനെതിരേ സേവ്‌ യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കി. പരിശീലനത്തിനുള്ള അനുമതിയും നിയമന ഉത്തരവും തടയണമെന്നാണ്‌ ആവശ്യം.

എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക്‌ നേടിയവരെ അഭിമുഖത്തില്‍ പിന്നിലാക്കാന്‍ ക്രമവിരുദ്ധമായി മാര്‍ക്ക്‌ നല്‍കിയെന്നാണ്‌ പരാതി. പി.എസ്‌.സി. ചെയര്‍മാന്‍ എം.ആര്‍. ബൈജു അഭിമുഖത്തില്‍ നേരിട്ട്‌ പങ്കെടുത്തതും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. അതിനിടെ, പി.എസ്‌.സിയുടെ അസിസ്‌റ്റന്റ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പരീക്ഷയിലും വന്‍ ക്രമക്കേടുകള്‍ നടന്നതായി ൈക്രംബ്രാഞ്ച്‌ കണ്ടെത്തിയിട്ടുണ്ട്‌. പരീക്ഷാ വിജ്‌ഞാപനത്തില്‍ തിരുത്തല്‍ വരുത്തി ഇഷ്‌ടക്കാരെ നിയമിക്കാന്‍ നീക്കം നടത്തിയെന്നാണ്‌ കണ്ടെത്തല്‍. ചോദ്യപേപ്പറിലെ 45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ പഠനസാമഗ്രികളില്‍നിന്ന്‌ പകര്‍ത്തിയതായും കണ്ടെത്തിയിട്ടുണ്ട്‌. യോഗ്യതയില്ലാത്തവരെ റാങ്ക്‌ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന ആരോപണവും കേസിലുണ്ട്‌. പി.എസ്‌.സി. ചെയര്‍മാന്‍, മൂന്ന്‌ കമ്മിഷന്‍ അംഗങ്ങള്‍, അറസ്‌റ്റിലായ രണ്ട്‌ ഉദ്യോഗസ്‌ഥര്‍ എന്നിവരടങ്ങിയ ആറംഗ സംഘം പരീക്ഷാ, നിയമന നടപടികള്‍ നിയന്ത്രിച്ചിരുന്നുവെന്നാണ്‌ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ചോദ്യപേപ്പര്‍ തയാറാക്കല്‍ മുതല്‍ അഭിമുഖം, മാര്‍ക്ക്‌ നിര്‍ണയം, റാങ്ക്‌ പട്ടിക തയാറാക്കല്‍, നിയമനം എന്നിവയില്‍ വരെ ഇടപെടലുണ്ടായെന്നാണ്‌ സംശയം. സംസ്‌ഥാന ആസൂത്രണ ബോര്‍ഡ്‌ ചീഫ്‌ തസ്‌തികയിലെ പരീക്ഷാ മൂല്യനിര്‍ണയത്തില്‍ സോഫ്‌റ്റ്വേര്‍ തകരാറെന്ന വാദവും ൈക്രംബ്രാഞ്ചിന്റെ സാങ്കേതിക പരിശോധനയില്‍ പൊളിഞ്ഞു. സിഡാക്‌, സിഡിറ്റ്‌ വിദഗ്‌ധരുടെ സഹായത്തോടെ 228 പേരെ ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണത്തിലാണ്‌ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്‌. ഉത്തരക്കടലാസ്‌ മൂല്യനിര്‍ണയം ബോധപൂര്‍വം പാതിവഴിയില്‍ അവസാനിപ്പിച്ചതായാണ്‌ അന്വേഷണത്തിലെ കണ്ടെത്തല്‍. സെര്‍വര്‍ രേഖകളും നിര്‍ണായക തെളിവായി. കേസില്‍ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി. സതീശനെയും അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരിയെയും അറസ്‌റ്റ് ചെയ്‌തിരുന്നു.

പി.എസ്‌.സി. സെക്രട്ടറി സാജു ജോര്‍ജിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്‌തിരുന്നു. പരീക്ഷാ കണ്‍േ്രടാളര്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ ഉദ്യോഗസ്‌ഥരിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്‌. ഫിഷറീസ്‌ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ നിയമനത്തിലും ക്രമക്കേട്‌ ആരോപിച്ച്‌ പുതിയ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *