വാഷിംഗ്‌ടൺ: ഇറാന്റെ ആണവ കേന്ദ്രങ്ങൾ അമേരിക്ക തകർത്തുവെന്നും അവശേഷിക്കുന്ന ഒന്നോ രണ്ടോ കേന്ദ്രങ്ങൾ പത്ത് മിനിട്ടിനുള്ളിൽ ആക്രമിക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾട് ട്രംപ്. അമേരിക്കയുടെ ഭാഗത്തുനിന്ന് ഏത് തരത്തിലുള്ള ഭീഷണിയുണ്ടായാലും അതിരുകളില്ലാത്ത തിരിച്ചടി നൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. മാർഎലാഗോയിൽ ഹാലോവീൻ ആഘോഷത്തിനെത്തിയപ്പോഴാണ് ട്രംപ് മാദ്ധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇറാനെ ഒരിക്കലും ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കില്ലെന്നും ട്രംപ് ആവർത്തിച്ചു. ഇറാൻ ഒരു കരാറിന് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഇറാന്റെ വിശ്വാസ്യതയിൽ സംശയമുണ്ടെന്നും കരാറിലെത്തിയ ശേഷം അവർ നിലപാട് മാറ്റാറുണ്ടെന്നും ട്രംപ് കുറ്റപ്പെടുത്തി. പാകിസ്ഥാൻ, ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളുടെ മദ്ധ്യസ്ഥതയിൽ അമേരിക്കയും ഇറാനും നേരത്തേ നടത്തിയ ചർച്ചകളിലും പരസ്പരവിശ്വാസമില്ലായ്മ പ്രധാന തടസമായിരുന്നു. ജൂണിൽ 60 ദിവസത്തെ ധാരണാപത്രത്തിനും വെടിനിറുത്തൽ നീട്ടുന്നതിനുള്ള ചട്ടക്കൂടിനും ഇരുരാജ്യങ്ങളും സമ്മതിച്ചിരുന്നെങ്കിലും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം, ഇറാന്റെ ആണവ പദ്ധതി തുടങ്ങിയ വിഷയങ്ങളിൽ തർക്കം രൂക്ഷമായതോടെ ധാരണ തകർന്നു.
യുദ്ധം ആരംഭിച്ചതിനുശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത മുജ്തബ ഖമനേയി സൈനിക മേധാവികളുമായുള്ള കൂടിക്കാഴ്ചയിലാണ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയതെന്നാണ് ഇറാൻ ഔദ്യോഗിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണസാദ്ധ്യതയുള്ള കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക തയ്യാറാക്കാനും അദ്ദേഹം നിർദേശിച്ചതായാണ് റിപ്പോർട്ട്.