ഫ്‌ളോറിഡ: സ്വകാര്യ ജെറ്റ് വിമാനം ഹൈവേയ്‌ക്ക് സമീപം തകർന്നുവീണ് പൊട്ടിത്തെറിച്ച് ഒൻപത് മരണം. അമേരിക്കയിലെ തെക്കൻ ഫ്ളോറിഡയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.ഞായറാഴ്‌ച പ്രാദേശിക സമയം ഉച്ചയ്‌ക്ക് 12.50ഓടെ പാം ബീച്ച് കൺട്രിയിലാണ് സംഭവം. അപകടസ്ഥലത്തുവച്ചുതന്നെ വിമാനത്തിലുണ്ടായിരുന്ന ഒൻപതുപേരും മരിച്ചു.
ടെക്‌സാസിലെ ഓസ്റ്റിൻ ബെർഗ്‌സ്‌ട്രോം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ബഹാമാസിലേക്ക് പോകുകയായിരുന്ന ലിയർജെറ്റ് 60 മാതൃകയിലുള്ള വിമാനമാണ് തകർന്നത്. ജനവാസമേഖലയിൽ തൊട്ടടുത്തായി വീടുകളും വാഹനങ്ങളുമുണ്ടായിരുന്ന ഭാഗത്തേക്കാണ് വിമാനം തകർന്നുവീണത്. തൊട്ടടുത്തുണ്ടായിരുന്ന വാഹനത്തിലിരുന്നവർ പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ അപകടം നടന്നതെങ്ങനെയെന്ന് വ്യക്തമാണ്.
റോഡിന് സമീപത്ത് വിമാനം പതിച്ചയിടത്ത് വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. റോഡിലെ വാഹനങ്ങളിൽ നിന്നും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് വിമാനം വന്നുവീണത്. ഗതാഗത സെക്രട്ടറി സീൻ ഡഫി അപകടത്തെ 'ഭയാനകമായ ദുരന്തം' എന്ന് വിശേഷിപ്പിച്ചു. സംഭവത്തെക്കുറിച്ച് ദേശിയ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷിക്കും, ഇവരുടെ സഹായത്തിന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷന്റെ ഒരു സംഘത്തെ അയക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
വിമാനം പെട്ടെന്ന് തകർന്നുവീണതിന്റെ കാരണമെന്താണെന്നോ വിമാനത്തിൽ ആരെല്ലാമാണ് യാത്രക്കാരെന്നോ വ്യക്തമല്ല. 11 കിലോമീറ്റർ ഉയരത്തിൽ കിഴക്ക് ഭാഗത്തേക്ക് സഞ്ചരിക്കവെയാണ് വിമാനം നിലതെറ്റി താഴേക്ക് പതിച്ചത്. സ്ഥലത്ത് കഴിഞ്ഞദിവസം മഴ പെയ്‌തിരുന്നു. ശക്തമായ മഴയും തണുപ്പേറിയ കാലാവസ്ഥയുമുണ്ടെന്നും വിമാനത്തിൽ ഐസ് അടിഞ്ഞുകൂടുന്നെന്നും പൈലറ്റ് അറിയിച്ചിരുന്നു. തുടർന്ന് 610 മീറ്റർ കൂടി ഉയരത്തിൽ പറക്കാൻ അനുമതിയും തേടി. പക്ഷെ ഇതിന് സാധിച്ചില്ല.
അപകടത്തിന് മുൻപ് മിനിട്ടിൽ 20000 അടി വേഗത്തിൽ താഴേക്ക് സഞ്ചരിക്കുന്നതായി മേയ് ഡേ സന്ദേശം പൈലറ്റ് നൽകി. അവസാനമായി 'ഞങ്ങൾ താഴേക്ക് പതിക്കാൻ പോകുന്നു' എന്ന സന്ദേശം നൽകി വിമാനം തകരുമെന്ന് പൈലറ്റ് അറിയിച്ചതും അപകടം സംഭവിച്ചു.