അനന്തപുർ: റാപ്താഡു ഗവൺമെന്റ് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനികളെ അറക്കവാൾ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് പൊലീസ് വെടിവയ്പിൽ ഗുരുതര പരിക്ക്. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിയുതിർക്കുകയായിരുന്നു.
റാപ്താഡു സ്കൂൾ ആക്രമണക്കേസുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടുന്നതിനിടെയാണ് സംഭവം. പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് നേരെ ഉദ്യോഗസ്ഥർ ആറ് റൗണ്ട് വെടിയുതിർത്തു. പരിക്കേറ്റ പ്രതിയെ ഉടൻ അനന്തപുർ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ ചികിത്സയിലാണ്.
സ്കൂൾ വളപ്പിൽവച്ച് വിദ്യാർത്ഥിനിക്കു നേരെയുണ്ടായ ക്രൂരമായ ആക്രമണം വ്യാപകമായ പ്രതിഷേധത്തിനും ഞെട്ടലിനും ഇടയാക്കിയിരുന്നു. സംഭവത്തിനു പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അനന്തപുർ സർക്കാർ ജനറൽ ആശുപത്രിയിൽ കനത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.