തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ കൂട്ടാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ. പെൻഷൻ പരിഷ്കരിക്കണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. പെൻഷൻ കൂട്ടിയാൽ പ്രതിമാസം 12 കോടിയുടെ അധിക ബാദ്ധ്യത ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഈ നിർദ്ദേശം തള്ളുകയും ചെയ്തു. പെൻഷൻ കൂട്ടില്ലെന്ന തീരുമാനം ഉത്തരവായും സർക്കാർ ഇറക്കി.
നിലവിൽ കോർപ്പറേഷൻ വരുമാനനഷ്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നിത്യച്ചെലവുതന്നെ പ്രതിസന്ധിയിലാണെന്നുമാണ് സർക്കാർ പറയുന്നത്. അവശ്യസാധനങ്ങളുടെ ഉൾപ്പെടെ വിലവർദ്ധനവ് ചൂണ്ടിക്കാട്ടി പെൻഷൻ കൂട്ടണമെന്ന് വർഷങ്ങളായി പെൻഷൻകാർ ആവശ്യപ്പെടുകയാണ്. ഈ ആവശ്യമാണ് അവഗണിക്കപ്പെടുന്നത്.
നിലവിൽ കോർപ്പറേഷനിൽ 43,000ത്തോളം പെൻഷൻകാർ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2011ലെ നിരക്കനുസരിച്ചാണ് ഇപ്പോഴും പെൻഷൻ നൽകുന്നത് . പെൻഷൻ മൂന്നുതവണ പരിഷ്കരിക്കാനുള്ള സമയം കഴിഞ്ഞെങ്കിലും അതൊന്നും ഉണ്ടായിട്ടില്ല. തുച്ഛമായ തുകയാണ് ഭൂരിപക്ഷത്തിനും ലഭിക്കുന്നത്. മരുന്നുവാങ്ങാൻപോലും ഈ പണം തികയില്ലെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.
പലപ്പോഴും യഥാസമയം പെൻഷൻ കിട്ടാറില്ലെന്നും അവർ പറയുന്നു. പെൻഷൻ നൽകാനുള്ള പണം ധനകാര്യവകുപ്പ് അനുവദിക്കാൻ വൈകുന്നതാണ് പെൻഷൻ വൈകാനുള്ള പ്രധാന കാരണം. പണം അനുവദിച്ചാലും ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കുകാരണം പെൻഷൻ വൈകാറുണ്ട്. അടുത്തിടെയും ഇത്തരത്തിൽ പെൻഷൻ വൈകിയിരുന്നു. ജീവിതത്തിന്റെ നല്ലകാലം മുഴുവൻ കോർപ്പറേഷനുവേണ്ടി ജോലിചെയ്ത തങ്ങളോട് എന്തിനാണ് ഇങ്ങനെ പ്രതികാരം ചെയ്യുന്നതെന്നാണ് പെൻഷൻകാർ ചോദിക്കുന്നത്.