ബംഗളൂരു: ബംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചുകൊന്നു. പാലക്കാട് സ്വദേശി കിരൺ (22) ആണ് കൊല്ലപ്പെട്ടത്. പെൺസുഹൃത്തിന്റെ പിതാവാണ് കിരണിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ യെലഹങ്ക സ്വദേശി ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകളെ കിരണിനൊപ്പം കണ്ടതിൽ പ്രകോപിതനായാണ് കൊല നടത്തിയതെന്ന് ആനന്ദ് സമ്മതിച്ചു. കിരണിന്റെ തൊഴിലുടമ കൂടിയാണ് ആനന്ദ്.
ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. സ്വീറ്റ് കോൺ ഉൾപ്പെടെ നിർമിക്കുന്ന കമ്പനിയാണ് ആനന്ദിന്റേത്. ഇവിടെയാണ് കിരൺ കഴിഞ്ഞ രണ്ട് വർഷമായി ജോലി ചെയ്തിരുന്നത്. ഇതിനിടെ ആനന്ദിന്റെ മകളായ 19കാരിയുമായി കിരൺ പ്രണയത്തിലായി. മൈസൂരുവിൽ പഠിക്കുന്ന 19കാരി ദിവസങ്ങൾക്ക് മുമ്പ് അവധിക്ക് നാട്ടിൽ വന്നിരുന്നു. ഇന്നലെ രാവിലെ ആനന്ദും ഭാര്യയും തമിഴ്നാട്ടിലേക്ക് പോയപ്പോൾ കിരൺ പെൺകുട്ടിയെ കാണാൻ വീട്ടിലെത്തി. എന്നാൽ, അപ്രതീക്ഷിതമായി വീട്ടിലേക്ക് തിരിച്ചെത്തിയ ആനന്ദ് മകളെയും കാമുകനെയും വീടിനുള്ളിൽ കണ്ടു.
മകളെ ബന്ധുവീട്ടിലാക്കിയ ശേഷം ബാറ്റ്, പൈപ്പ് എന്നിവ ഉപയോഗിച്ച് ആനന്ദ് കിരണിനെ ക്രൂരമായി മർദിച്ചു. അടിവയറ്റിൽ ചവിട്ടേറ്റ കിരൺ കുഴഞ്ഞുവീണപ്പോൾ ആനന്ദ് തന്നെയാണ് ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിൽ വിട്ടത്. എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കിരൺ മരിച്ചു.
കിരണിന്റെ സഹോദരൻ ബംഗളൂരുവിലെ പച്ചക്കറി കടയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഇയാൾക്കൊപ്പമാണ് കിരൺ താമസിച്ചിരുന്നത്. നിലവിൽ കിരണിന്റെ മൃതദേഹം ബംഗളൂരുവിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.