യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലെ ജീവനക്കാർക്ക് ഐഫോൺ ഡ്യൂവോ സമ്മാനിച്ച് മലയാളി സംരംഭക. കമ്പനിയിലെ മാനേജിംഗ് ഡയറക്‌ടറായ ഹസീന നിഷാദാണ് ജീവനക്കാരികൾക്ക് ഐഫോൺ സമ്മാനിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ജീവനക്കാരെ കോൺഫറൻസ് റൂമിലേക്ക് വിളിച്ചുവരുത്തിയാണ് ഹസീന സർപ്രൈസ് ഒരുക്കിയത്. എല്ലാവരോടും കസേരകളിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇരിക്കാനായി കസേര നീക്കിയപ്പോഴാണ് അവരെ കാത്തിരുന്ന അപ്രതീക്ഷിത സമ്മാനം കണ്ടത്. മേശകൾക്കിടയിൽ കസേരകളിൽ ഭംഗിയായി പൊതിഞ്ഞുവച്ചിരിക്കുന്ന ഗിഫ്‌റ്റ് ബോക്‌സുകളായിരുന്നു ഉണ്ടായിരുന്നത്. ഓരോ ബോക്‌സിലും പുത്തൻ ഐഫോണുകൾ. സമ്മാനം കണ്ടതോടെ ജീവനക്കാരുടെ സന്തോഷത്തിന് അതിരില്ലാതായി. ആവേശത്തോടെ ഗിഫ്‌റ്റ് ബോക്‌സുകൾ തുറക്കുന്ന വനിതാ ജീവനക്കാരുടെ മുഖത്തെ പുഞ്ചിരിയും അമ്പരപ്പുമെല്ലാം വീഡിയോയിൽ കാണാം.
കോർപ്പറേറ്റ് ജീവനക്കാർക്ക് പുറമെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ വനിതാ ജീവനക്കാരിക്കും സമ്മാനം നൽകി. അപ്രതീക്ഷിതമായ ഈ സ്‌നേഹപ്രകടനത്തിൽ വികാരാധീനയായ ജീവനക്കാരി ഹസീനയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഓരോ സ്‌ത്രീയുടെയും സ്വപ്‌നങ്ങൾക്കും ഉത്തരവാദിത്തങ്ങൾക്കും വെല്ലുവിളികൾക്കും താൻ വില നൽകുന്നുവെന്നാണ് വീഡിയോയ്‌ക്ക് താഴെ ഹസീന കുറിച്ചത്.