തിരുവനന്തപുരം: നാലുദിവസത്തെ വർദ്ധനവിന് പിന്നാലെ താഴേക്കിറങ്ങി സ്വർണവില. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണവിലയെ സ്വാധീനിക്കാറുള്ളത്. ഇന്നലെ ഔൺസിന് 4129 ഡോളറിന് മുകളിലായിരുന്ന രാജ്യാന്തരവില ഇപ്പോഴുള്ളത് 4041 ഡോളറിലാണ്.
കേരളത്തിൽ ഗ്രാമിന് 235 രൂപ കുറഞ്ഞ് 13,150 രൂപയിലെത്തി. പവന് 1880 രൂപ കുറഞ്ഞ് 1,05,200 രൂപയായി. പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷമാണ് മാസങ്ങളായി സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് പ്രധാന കാരണം. ഒക്‌ടോബർ 31ന് 1,01,840 രൂപയിലെത്തിയ സ്വർണവില പിന്നീട് നവംബർ മാസത്തിൽ തുടക്കത്തിൽ മുന്നേറി. നാലുദിവസങ്ങളിലായി 5,240 രൂപയാണ് കൂടിയത്. ക്രൂഡോയിൽ വില വീണ്ടും 100 ഡോളറിലേക്ക് ഉയർന്നതും യുഎസ് ഡോളറും ബോണ്ട് യീൽഡും കരുത്താർജ്ജിച്ചതുമാണ് സ്വർണവില ഇടിയാനുള്ള പ്രധാന കാരണങ്ങൾ. ദീപാവലി ഉത്സവകാലത്തോട് അനുബന്ധിച്ച് വില താഴുകയാണെന്ന സൂചനകളും ഉപഭോക്താക്കൾക്ക് ആശ്വാസംപകരും.
ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങൾ നടപ്പാക്കുന്നതിൽ കൂടുതൽ രാഷ്ട്രീയ തടസങ്ങൾ ഉണ്ടായേക്കാം എന്ന വിലയിരുത്തൽ ആഗോള വിപണിയെ സ്വാധീനിക്കുന്നുണ്ട്. 4000 ഡോളറിന് മുകളിൽ വില സ്ഥിരത കൈവരിച്ചാൽ സ്വർണവിലയിലെ മുന്നേറ്റത്തിന് വഴിയൊരുങ്ങും. എന്നാൽ അമേരിക്കൻ തൊഴിൽ വിപണി ശക്തമാകുന്നതിനൊപ്പം ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്താനുള്ള സാദ്ധ്യത വർദ്ധിക്കുകയും ചെയ്താൽ ഡോളർ വീണ്ടും ശക്തിയാർജിക്കുകയും സ്വർണവില ഇടിയുകയും ചെയ്യാം.
സംസ്ഥാനത്ത് വെള്ളിവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 205 രൂപയായി. 10 ഗ്രാമിന് 2,050 രൂപയിലാണ് വ്യാപാരം നടക്കുക.