തിരുവനന്തപുരം: ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച് മുന്‍ ചെയര്മാന് എം.ജി. രാജമാണിക്യം മുഖ്യമന്ത്രിക്ക് നല്കിയ കത്തും ചര്‍ച്ചയാകുന്നു. വൈദ്യുതി കരാര്‍ തര്‍ക്കത്തില്‍ മുഖ്യമന്ത്രിക്ക് മുന്‍ കെഎസ്ഇബി ചെയര്മാന് രാജമാണിക്യത്തിന്റെ നിര്‍ദേശം തള്ളിക്കൊണ്ടാണ് ജി.എന്‍.എ. കരാര്‍ വഴി വൈദ്യുതി വാങ്ങാന്‍ തീരുമാനം എടുത്തിരിക്കുന്നത്.
ഹിമാചല്‍പ്രദേശില്‍ നിന്നുള്ള വൈദ്യുതികരാര്‍ ആണ് സംസ്ഥാനത്തിന് സാമ്പത്തികമായി ലാഭകരമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കത്ത് നല്‍കിയത്. ഒക്ടോബര്‍ 19-ന് നല്കിയ കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ ജി.എന്‍.എ. കരാര്‍ വഴി വൈദ്യുതി വാങ്ങിയാല്‍ ഖജനാവിന് വന്‍ നഷ്ടമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജി.എന്‍.എ. കരാറിലെ യൂണിറ്റിന് കുറഞ്ഞ നിരക്കാണെങ്കിലും, ആവശ്യമില്ലാത്ത സമയത്തും കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും. സൗരോര്‍ജം സുലഭമായി ലഭിക്കുന്ന സമയത്തുപോലും ജി.എന്‍.എ. കരാര്‍ പ്രകാരം വൈദ്യുതി വാങ്ങേണ്ടി വരുന്ന സാഹചര്യവും സൃഷ്ടിക്കും. ഈ രണ്ടു സാഹചര്യവും സംസ്ഥാനത്തിന് സാമ്പത്തീക തിരിച്ചടി നല്‍കുമെന്നാണ് കത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പകല്‍ സമയത്തെ അധിക വൈദ്യുതി വാങ്ങല്‍ ഒഴിവാക്കാനും, സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന ഘട്ടങ്ങളില്‍ ആവശ്യത്തിന് വൈദ്യുതി തടസ്സമില്ലാതെ എത്തിക്കാനും ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള കരാറിന് സാധിക്കും. അതേസമയം ഈ മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. വ്യക്തമായ കണക്കുകളും പഠന റിപ്പോര്‍ട്ടും ചൂണ്ടിക്കാണിച്ചിട്ടും അതെല്ലാം മുഖ്യമന്ത്രി പൂര്‍ണ്ണമായി തള്ളുകയായിരുന്നു.