തിരുവനന്തപുരം: തേവലക്കാട് എസ്.എൻ. യു.പി സ്കൂളിൽ ആറാം ക്ലാസുകാരനായ ദളിത് വിദ്യാർഥിയോട് അധ്യാപകന്റെ ക്രൂരതയെന്ന് പരാതി. ഉച്ചാരണം ശരിയല്ലെന്ന് ആരോപിച്ച് ക്ലാസ് മുറിയിൽവെച്ച് കുട്ടിയുടെ നാക്ക് ഈർക്കിൽ ഉപയോഗിച്ച് വടിപ്പിച്ചെന്നാണ് ആരോപണം. കുട്ടിയുടെയും സഹപാഠികളുടെയും പരാതിയെ തുടർന്ന് അധ്യാപകൻ ആകർഷ് എസ്.എസിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും അന്വേഷണം ആരംഭിച്ചു.
ക്ലാസിൽ കുട്ടി പറഞ്ഞ വാക്ക് മനസിലായില്ലെന്ന് പറഞ്ഞ് അധ്യാപകൻ പരിഹസിച്ചെന്നും തുടർന്ന് മറ്റൊരു കുട്ടിയെക്കൊണ്ട് ഈർക്കിൽ എടുപ്പിച്ച് എല്ലാവരുടെയും മുന്നിൽവെച്ച് നാക്ക് വടിപ്പിച്ചെന്നുമാണ് പരാതി. അപമാനിക്കപ്പെട്ട കുട്ടി സംഭവം പുറത്തുപറയാതെ ഉള്ളിലൊതുക്കുകയായിരുന്നു. എന്നാൽ കുട്ടിയുടെ അവസ്ഥ കണ്ട് വിഷമം തോന്നിയ സഹപാഠികൾ വിവരം ഹെഡ്മാസ്റ്ററെയും മറ്റ് അധ്യാപകരെയും അറിയിക്കുകയായിരുന്നു. മാസങ്ങളോളം സംഭവം പുറംലോകമറിഞ്ഞിരുന്നില്ല.
സ്കൂൾ മാനേജ്മെന്റ് ആദ്യഘട്ടത്തിൽ പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആക്ഷേപമുണ്ട്. പിന്നീട് സ്കൂളിലെ ആഭ്യന്തര തർക്കങ്ങൾക്കിടെയാണ് വിഷയം ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയിലെത്തിയത്. മാസങ്ങൾക്കുശേഷം പരാതി ലഭിച്ചതോടെ കമ്മീഷനും വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു. ചൈൽഡ്ലൈൻ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്.