അബുദാബി: ദീപാവലി ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ് പ്രവാസികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ. ഇന്നും നാളെയുമായാണ് ദീപാവലി ആഘോഷിക്കുന്നത്. യുഎഇയിലെ പ്രവാസികളും ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിന്റെ തിരക്കിലാണ്. എന്നാൽ കനത്ത മഴ ആഘോഷത്തിന് തടസമാവുമോയെന്ന ആശങ്ക പലർക്കുമുണ്ട്.
കഴിഞ്ഞയാഴ്ച കനത്ത മഴയ്ക്കാണ് യുഎഇ സാക്ഷ്യം വഹിച്ചത്. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി. ഞായറാഴ്ച യുഎഇയിൽ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കുമെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പ്രവചിക്കുന്നത്. വടക്കൻ, കിഴക്കൻ മേഖലകളിൽ ചിലയിടങ്ങളിൽ മേഘങ്ങൾ കാണപ്പെടുമെങ്കിലും മഴയ്ക്ക് സാദ്ധ്യതയില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് ദിശകളിൽ നിന്ന് മിതമായ കാറ്റ് വീശാനിടയുണ്ട്. ഇടയ്ക്കിടെ കാറ്റിന്റെ ശക്തി കൂടാൻ സാദ്ധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയുണ്ടാകാവുന്ന കാറ്റ്, ചില അവസരങ്ങളിൽ 35 കിലോമീറ്റർ വേഗതയിൽ വരെ എത്തിയേക്കാം.
അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ പകൽ സമയം മിക്കവാറും തെളിഞ്ഞ കാലാവസ്ഥയായിരിക്കും. രാജ്യത്ത് ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. അബുദാബിയിൽ 35 ഡിഗ്രി സെൽഷ്യസും, ദുബായിലും ഷാർജയിലും 36 ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനില. താപനില ഷാർജയിൽ 24 ഡിഗ്രി സെൽഷ്യസിലേക്കും, അബുദാബിയിൽ 25 ഡിഗ്രി സെൽഷ്യസിലേക്കും, ദുബായിൽ 26 ഡിഗ്രി സെൽഷ്യസിലേക്കും കുറയാനും സാദ്ധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.