ആശ്വാസം! രണ്ട് മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാവില്ല; ജി‌എൻഎ കരാറും തൽക്കാലമില്ല

തിരുവനന്തപുരം: പവർ കട്ടിൽ നിന്ന് താൽക്കാലിക ആശ്വാസം. രണ്ട് മാസത്തേക്ക് വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ലെന്ന് കെ‌എസ്‌ഇബി മുഖ്യമന്ത്രിയെ അറിയിച്ചു. പ്രതിസന്ധിയില്ലാത്തതിനാൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടതില്ല എന്ന് കെഎസ്ഇബി ചെയർമാൻ എൻ പ്രശാന്ത് കൂടിക്കാഴ്ചയിൽ പറഞ്ഞു. ഇതോടെ തൽക്കാലം പുതിയ ജിഎൻഎ ഹ്രസ്വകാല വൈദ്യുതി കരാർ ഉണ്ടാകില്ല എന്ന് ഉറപ്പായി.

നേരത്തെ, അടിയന്തര സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ സുതാര്യമായ ടെൻഡർ നടപടികളോ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതികളോ ഇല്ലാതെ ജിഎൻഎ വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷ വിമർശനവുമായി രംഗത്തുവരികയും ചെയ്തിരുന്നു.

വൈദ്യുതി പ്രതിസന്ധിയില്ല എന്ന് കെ‌എസ്‌ഇ‌ബി അറിയിച്ച സാഹചര്യത്തിൽ വൈദ്യുതിക്ഷാമം എന്ന പ്രചാരണം കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ എന്ന് സർക്കാർ സംശയിക്കുന്നു. അതിനാൽ, സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമാണെന്ന് കാണിച്ച് കെഎസ്ഇ ബി മുൻ ചെയർമാൻ രാജമാണിക്യത്തിന്റെ കുറിപ്പ് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. നവംബറിൽ പവർകട്ട് വേണ്ടിവരുമെന്ന് മുൻ ചെയർമാൻ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

ഉടൻ വൈദ്യുതി കരാറില്ലെങ്കിൽ പവർ കട്ട് അനിവാര്യമെന്നായിരുന്നു രാജമാണിക്യത്തിന്റെ കുറിപ്പ്. ഉടനെ കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർ കട്ട് ഒഴിച്ചുകൂടാൻ സാധിക്കില്ല എന്നായിരുന്നു രാജമാണിക്യം പറഞ്ഞിരുന്നത്. ഇത്തരം അടിയന്തര സാഹചര്യമുയർത്തി ഹിമാചൽ വൈദ്യുത കരാറിനായി സമ്മർദം ചെലുത്തിയത് എന്തിനാണെന്ന് അന്വേഷിക്കും. അതേസമയം, കുറഞ്ഞ തുകയുള്ള വൈദ്യുതിക്കായി എന്‍ടിപിസി സിന്നാറുമായി കരാര്‍ ഒപ്പിടാൻ വൈകിയതിൽ സർക്കാരിന്റെ അതൃപ്തി കെ‌എസ്‌ഇ‌ബിയെ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *