ന്യൂഡൽഹി: രാജ്യത്തെ കാൻസർ രോഗികൾക്ക് ആശ്വാസമായി കാൻസർ മരുന്നുകളുടെ വില കുറച്ചു. 679 ബ്രാൻഡുകളുടെ വിലയിൽ 50 ശതമാനത്തിലധികം കുറവുണ്ടായതായി കേന്ദ്ര രാസവസ്തു മന്ത്രാലയം അറിയിച്ചു. ചില മരുന്നുകളുടെ വിലയിൽ 96 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്.
പട്ടികയിൽ ഉൾപ്പെടാത്ത 137 കാൻസർ മരുന്നുകളുടെ ട്രേഡ് മാർജിൻ 30 ശതമാനമായി പരിമിതപ്പെടുത്തിയതോടെയാണ് വിലക്കുറവിന് വഴിയൊരുങ്ങിയത്. ബ്രാൻഡഡ്, പേറ്റന്റ് ഉള്ള 543 മരുന്നുകളുടെ വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇവയുടെ വിലയിൽ 20 മുതൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ട്.
മരുന്നുകളുടെ പരമാവധി ചില്ലറ വിൽപ്പന വിലയായ എം.ആർ.പിയുടെ 30 ശതമാനത്തിൽ കൂടുതൽ ട്രേഡ് മാർജിൻ ഈടാക്കരുതെന്ന രാസവസ്തു മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി. പുതുക്കിയ എം.ആർ.പി രേഖപ്പെടുത്തിയ മരുന്നുകൾ വിപണിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
കാൻസർ ചികിത്സയുടെ സാമ്പത്തിക ഭാരം കുറയ്ക്കുകയും ജീവൻരക്ഷാ മരുന്നുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് വിലനിയന്ത്രണത്തിന്റെ ലക്ഷ്യം. സർക്കാർ, സ്വകാര്യ ആശുപത്രികളിലും ചില്ലറ മരുന്നുകടകളിലും പുതുക്കിയ വില നിർബന്ധമായും നടപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
വിലക്കുറവിലൂടെ ഉപഭോക്താക്കൾക്ക് പ്രതിവർഷം ഏകദേശം 3,540 കോടി രൂപയുടെ സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.