കോട്ടയം: പാമ്പാടിയിൽ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത മൂന്ന് കൗമാരക്കാർ അറസ്റ്റിൽ. പാമ്പാടി സ്വദേശികളായ അൻസൽ മുഹമ്മദ് (18), നിധിൻ നിഷാദ് (18), ഷെബിൻ എബ്രഹാം (19) എന്നിവരാണ് അറസ്റ്റിലായത്.
ഒരു സ്വകാര്യ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് തട്ടിപ്പിന് ഇരയായത്. വിദ്യാർത്ഥി പഠിക്കുന്ന സ്കൂളിലെ പൂർവ വിദ്യാർത്ഥികളായിരുന്നു പ്രതികൾ. ഇതിന്റെ പേരിൽ വിദ്യാർത്ഥിയുമായി പ്രതികൾ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് അമ്മയേയും സഹോദരിയേയും വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാർത്ഥിയിൽ നിന്ന് പ്രതികൾ സ്വർണം തട്ടിയെടുക്കുകയായിരുന്നു.
അടുത്തിടെ വീട്ടിലൊരു മരണം നടന്ന സമയത്ത് നടത്തിയ പരിശോധനയിലാണ് ഇത്രയധികം സ്വർണം നഷ്ടപ്പെട്ട വിവരം വിദ്യാർത്ഥിയുടെ മാതാപിതാക്കൾ അറിഞ്ഞത്. പിന്നാലെ മകന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ വീട്ടുകാർ അറിഞ്ഞത്.
മാതാപിതാക്കളോട് വിദ്യാർത്ഥി നടന്ന കാര്യങ്ങൾ തുറന്നുപറഞ്ഞു. തുടർന്ന് മാതാപിതാക്കൾ പാമ്പാടി പൊലീസ്റ്റ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരായ പ്രതികളെ പൊലീസ് അറസ്റ്റുചെയ്തത്. ചോദ്യംചെയ്യലിൽ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ തട്ടിയെടുത്ത സ്വർണം എവിടെയാണെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.