ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ ഇന്ത്യയിൽ നിർമ്മിക്കാനുള്ള പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. ഹിമാലയൻ മലനിരകളിലൂടെ കടന്നുപോകുന്ന ബിലാസ്പൂർ-മണാലി-ലേ റെയിൽവേ പാത യാഥാർത്ഥ്യമായാൽ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ എന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമാകും.
ലഡാക്കിലെ ടെംഗ്ലയിൽ സമുദ്രനിരപ്പിൽനിന്ന് 17,244 അടി ഉയരത്തിൽ സ്റ്റേഷൻ നിർമ്മിക്കാനാണ് പദ്ധതി. 489 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ പാതയ്ക്ക് ഏകദേശം 1.31 ലക്ഷം കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പദ്ധതിയുടെ സർവേ പൂർത്തിയാക്കിയ റെയിൽവേ മന്ത്രാലയം വിശദമായ പദ്ധതി രേഖയും (ഡിപിആർ) തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ, നിർമ്മാണത്തിന് ഇതുവരെയും അന്തിമ അനുമതി ലഭിച്ചിട്ടില്ല. പദ്ധതിയുടെ മറ്റൊരു പ്രത്യേകത തുരങ്കങ്ങളുടെ എണ്ണമാണ്. ആകെ റെയിൽപ്പാതയുടെ 55 ശതമാനവും തുരങ്കങ്ങളിലൂടെയായിരിക്കും കടന്നുപോകുന്നത്. ഇത് ഏകദേശം 270 കിലോമീറ്റർ ദൂരംവരും.
മണാലി-ലേ ദേശീയപാതയിലെ പ്രധാന മലയിടുക്കായ ടംഗ്ലാങ് ലേയ്ക്ക് താഴെയായിരിക്കും ടെംഗ്ല റെയിൽവേ സ്റ്റേഷൻ നിർമ്മിക്കുക. സമുദ്രനിരപ്പിൽനിന്ന് 5,359 കിലോമീറ്റർ അഥവാ 17,244 അടി ഉയരത്തിലായിരിക്കും സ്റ്റേഷന്റെ സ്ഥാനം. നിലവിൽ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ ചൈനയിലെ ടാങ്ഗുലയാണ്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 5,068 മീറ്റർ ഉയരത്തിലാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ടെംഗ്ല സ്റ്റേഷൻ യാഥാർത്ഥ്യമായാൽ ചൈനയുടെ റെക്കോർഡ് ഇന്ത്യയ്ക്ക് 188 മീറ്റർ വ്യത്യാസത്തിൽ മറികടക്കാനാകും.