തിരുവനന്തപുരം: പെട്രോളിൽ എഥനോളിന്റെ അളവ് അറിയാൻ കേരളത്തിലും പരിശോധന തുടങ്ങി. കർണാടകയില്‍ എഥനോൾ അളവ് കൂടുതലാണെന്ന കണ്ടത്തലിന് പിന്നാലെയാണ് കേരളത്തിലെ നാല് ജില്ലകളിൽ പരിശോധന നടത്തുന്നത്.ആറു സാമ്പിളുകളാണ് ശേഖരിച്ചരിച്ചത്. തിരുവനന്തപുരം, എറണാകുളം കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പമ്പുകളിൽ രാവിലെപരിശോധന നടന്നത്.
ഓയിൽ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ആയിരുന്നു സാമ്പിൾ ശേഖരണം. മുൻവിധിയോടെയുള്ള പരിശോധന അല്ലെന്നും എന്നാൽ എഥനോള്‍ കൂടുതൽ ഉണ്ടെങ്കിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം എഥനോള്‍ അളവ് കൂടുതലെന്നുള്ള കർണാടകയുടെ കണ്ടെത്തൽ ദേശീയതലത്തിൽ തന്നെ തർക്കത്തിന് വഴി വച്ചിട്ടുണ്ട്. കർണാടക സർക്കാരിന്റെ പരിശോധന ഫലത്തെ കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞിരിക്കുകയാണ്. പെട്രോളിയം കമ്പനികളും തള്ളിയിട്ടുണ്ട്. അളവ് ശാസ്ത്രീയമല്ലെന്ന വിമർശനമാണ് ഇവർ മുന്നോട്ട് വച്ചിരിക്കുന്നത്. അതിനാൽ തന്നെ കേരളത്തിലെ പരിശോധന ഫലം എന്താണെന്നറിയാൻ ദേശീയതലത്തിലും ആകാംക്ഷയാണ്.
പെട്രോളിൽ എഥനോൾ കലർത്തുന്നതിലൂടെ രാജ്യത്തിന് ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാനും, വിദേശനാണ്യം ലാഭിക്കാനും സാധിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. എന്നാൽ അനുവദനീയമായ 20 ശതമാനത്തേക്കാൾ ഉയർന്ന അളവിൽ എഥനോൾ കലർന്ന പെട്രോൾ വിൽക്കുന്നുവെന്ന കർണാടക സർക്കാരിന്റെ ആരോപണം പുതിയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്. ഇതിലൂടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ വാഹന ഉടമകൾക്ക് ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടാവുകയെന്നാണ് വാദം. ഇത് ശരിയാണെങ്കിൽ നേട്ടം എണ്ണക്കമ്പനികൾക്കും, നഷ്ടം വാഹനയുടമകൾക്കുമാണോ എന്ന ചോദ്യവും ഉയരുന്നു. ഈ വിഷയമാണ് ഇവിടെ പരിശോധിക്കുന്നത്.
വാഹനയുടമകൾക്ക് എത്ര നഷ്ടം?
എഥനോളിന്റെ ഊർജമൂല്യം പെട്രോളിനേക്കാൾ കുറവായതിനാൽ ബ്ലെൻഡിങ്ങിന്റെ അളവ് കൂടുമ്പോൾ മൈലേജ് കുറയാൻ സാധ്യതയുണ്ട്. കർണാടക ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷാദ് മുന്നോട്ടുവച്ച കണക്കനുസരിച്ച് ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 6,200 കോടി ലിറ്റർ പെട്രോൾ ഉപയോഗിക്കുന്നു.
മൈലേജിൽ 10% കുറവുണ്ടായാൽ വാഹനയുടമകൾക്ക് ഏകദേശം 62,000 കോടി രൂപയുടെ അധിക ചെലവുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. വാഹനഭാഗങ്ങൾക്കുണ്ടാകാവുന്ന കേടുപാടുകളുടെ അറ്റകുറ്റപ്പണിക്ക് 39,000 കോടി രൂപയും കണക്കാക്കുന്നു. അങ്ങനെ ആകെ നഷ്ടം ഏകദേശം 1.01 ലക്ഷം കോടി രൂപ വരുമെന്നാണ് മന്ത്രിയുടെ അവകാശവാദം.