ക്ഷേത്രക്കുളത്തിൽ സഹോദരങ്ങളായ കുട്ടികൾ മുങ്ങിമരിച്ചു

തൃശൂർ : ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ കുട്ടികൾക്ക് ദാരുണാന്ത്യം. വടക്കേക്കാട് മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിൽ ഇന്ന് വൈകിട്ടോടെയാണ് അപകടം. ക്ഷേത്രത്തിന് സമീപം ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പ്രദീപ്- സജിത ദമ്പതികളുടെ മക്കളായ സായ്‌ദീപും സായ് കൃഷ്ണയുമാണ് മരിച്ചത്. സായ്‌ദീപ് മൂന്നാം ക്ലാസ് വിദ്യാർത്ഥിയും സായ് കൃഷ്ണ ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ്.

സ്കുൾ വിട്ടുവന്ന ശേഷം ഇരുവരെയും കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ കുളത്തിന് സമീപത്ത് കുട്ടികളുടെ വസ്ത്രങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് കുളത്തിൽ നടത്തിയ തെരച്ചിലിൽ കുട്ടികളെ പുറത്തെത്തിച്ച് ശാന്തി ന‌ഴ്സിംഗ് ഹോമിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ ശാന്തി നഴ്‌സിംഗ് ഹോമിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *