തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 120 രൂപ കുറഞ്ഞ് 12,695 എന്ന നിരക്കിലെത്തി. ആനുപാതികമായി പവന് 960 രൂപ കുറഞ്ഞ് 1,01,560 രൂപയിലെത്തി. എട്ടുമാസത്തെ ഏറ്റവും വലിയ താഴ്ചയിലാണ് സ്വർണ നിരക്കുള്ളത്. ഒരാഴ്ചയ്ക്കിടെ മാത്രം ഒരു പവൻ സ്വർണത്തിൽ 5,520 രൂപയാണ് കുറഞ്ഞത്.
ഈ വർഷം മാർച്ച് 23ന് ശേഷം സംസ്ഥാനത്തെ സ്വർണ വിലയിൽ രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന നിരക്കാണിത്. മേയ് 13ന് 1,23,120 രൂപ എന്ന നിലയിലായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. വെള്ളിവിലയിലും ഇന്ന് കുറവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം വെള്ളിയുടെ വില 5 രൂപ താഴ്ന്ന് 195 രൂപയായി. ആനുപാതികമായി 10 ഗ്രാം വെള്ളിക്ക് 1,950 രൂപയും 100 ഗ്രാം വെള്ളിക്ക് 19,500 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 1,95,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
രാജ്യാന്തര വിപണിയിൽ നിലവിൽ 3,920 ഡോളർ നിലവാരത്തിലാണ് ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് വർദ്ധിപ്പിക്കുമെന്ന നിഗമനം ശക്തമായതോടെ ഡോളറിന്റെ വിനിമയ മൂല്യം കൂടിയതും സ്വർണത്തിന് തിരിച്ചടിയായി. കൂടാതെ, ക്രൂഡ് ഓയിൽ വില ഉയരുന്നതും പശ്ചിമേഷ്യയിലെ സംഘർഷം അനിശ്ചിതാവസ്ഥയിൽ തുടരുന്നതും സ്വർണത്തിന്റെ വില താഴേക്ക് വരാൻ കാരണമായി.