തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ഈ വർഷത്തെ വനിതാ രത്ന പുരസ്കാരത്തിനായി നോമിനേഷനുകൾ ക്ഷണിച്ചു. സാമൂഹ്യ സേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിത, കലാരംഗം എന്നീ ആറ് മേഖലകളിലെ മികവിനാണ് പുരസ്കാരം നൽകുന്നത്.
ഓരോ പുരസ്കാര ജേതാവിനും ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും. അവാർഡിനായി നോമിനേറ്റ് ചെയ്യപ്പെടുന്ന വ്യക്തി ജീവിച്ചിരിക്കുന്ന ആളായിരിക്കണം. കൂടാതെ, അതത് മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പ്രവർത്തിച്ച പരിചയവും ഉണ്ടായിരിക്കണം. അർഹരായ വനിതകളെ മറ്റ് വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർ മുഖേന നോമിനേറ്റ് ചെയ്യാവുന്നതാണ്. നോമിനേഷനുകളും വിശദവിവരങ്ങളും നവംബർ 30നകം തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസർക്ക് സമർപ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് : 04712969101.