പാലക്കാട്: കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് മലയാളി യുവാവ് അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം സ്വദേശി ഗുരുമൂർത്തി (27) ആണ് അറസ്റ്റിലായത്. തൃശൂർ സിറ്റി പൊലീസ് വീട്ടിലെത്തിയാണ് ഇയാളെ പിടികൂടിയത്.
ഹരിയാന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘവുമായി ഗുരുമൂർത്തി ടെലഗ്രാം വഴി ആശയവിനിമയം നടത്തിയിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെ ആക്രമിച്ച കേസുമായി ബന്ധമുള്ള ലോറൻസ് ബിഷ്ണോയി സംഘവുമായാണ് ഇയാൾ ബന്ധപ്പെട്ടിരുന്നതെന്നാണ് വിവരം. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളിയായ അനിൽ പണ്ഡിറ്റിന്റെ നിർദേശപ്രകാരമാണ് മൂന്നംഗ സംഘം ടൈഗർ ഷ്റോഫിനെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. നേരത്തെ നടൻ സൽമാൻ ഖാനെ ലക്ഷ്യമിട്ടാണ് അക്രമികൾ മുംബൈയിലെത്തിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സൽമാൻ ഖാന് ശക്തമായ സുരക്ഷയുള്ളതിനാൽ ആക്രമണപദ്ധതി നടപ്പാക്കാനായില്ലെന്നാണ് വിവരം.
തുടർന്ന് സുരക്ഷാ സംവിധാനങ്ങൾ താരതമ്യേന കുറവുള്ള ടൈഗർ ഷ്റോഫിന്റെ യാത്രകൾ അക്രമികളുടെ ശ്രദ്ധയിൽപ്പെടുകയും ആക്രമണത്തിന് പദ്ധതിയിടുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മലയാളി യുവാവിന് ക്രിമിനൽ സംഘവുമായുള്ള ബന്ധത്തിന്റെ സ്വഭാവവും ആശയവിനിമയത്തിന്റെ വിശദാംശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.