സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ കുക്കർ, ലാപ്ടോപ്പ് ചാർജർ, ഇടികല്ല് തുടങ്ങിയവകൊണ്ട് മർദ്ദിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ ഒരുമാസത്തോളം യുവതി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. നീണ്ടകര പുത്തൻതുറ പന്നയ്ക്കൽ തുരുത്ത് അനഘ മന്ദിരത്തിൽ അഞ്ജുവിനാണ് (24) ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. സംഭവത്തിൽ ഭർത്താവ് ചവറ പരിമണം മുണ്ടകത്ത് വീട്ടിൽ നന്ദു (28) ആണ് പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

വിദേശത്തായിരുന്ന നന്ദുവിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ഇയാളെ ഷാഡോ പൊലീസ് തടഞ്ഞുവച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നന്ദു, ഇയാളുടെ മാതാപിതാക്കളായ ദിനേഷ്, ജഗദമ്മ എന്നിവർക്കെതിരെ ചവറ പൊലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്.

അഞ്ജുവിനെ കുക്കർ, ലാപ്ടോപ്പ് ചാർജർ, ഇടികല്ല് തുടങ്ങിയവകൊണ്ടു മർദ്ദിച്ചെന്നാണ് പരാതി. ശരീരത്തിൽ അടിയേറ്റ മുപ്പതോളം പാടുകളുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും ക്രൂരമായി പീഡിപ്പിച്ചുവെന്നാരോപിച്ച് കഴിഞ്ഞമാസമാദ്യമാണ് അഞ്ജു പരാതി നൽകിയത്.

ജൂലായ് 27നായിരുന്നു ഇവരുടെ വിവാഹം. സൗദിയിൽ മറൈൻ കമ്പനിയിൽ ഓപ്പറേഷൻസ് വിഭാഗം ഉദ്യോഗസ്ഥനായ നന്ദു സെപ്തംബർ നാലിന് അഞ്ജുവിനെയും കൊണ്ടുപോയി. ഫ്‌ളാറ്റിൽ വച്ച് സ്ത്രീധനത്തിന്റെ പേരിൽ മർദ്ദനം ആരംഭിച്ചു.

പലരുമായും ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ ലഭ്യമാണെന്നും സെക്‌സ് റാക്കറ്റിൽ പ്രവർത്തിക്കാനാണ് താൽപ്പര്യമെന്നും അഞ്ജുവിനെ കൊണ്ടു പറയിച്ചു. കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പറയിച്ചത്. ദൃശ്യങ്ങൾ അഞ്ജുവിന്റെ ഫോണിൽ നിന്ന് ഇരുവരുടെയും ബന്ധുക്കൾക്കും പരിചയക്കാർക്കും അയച്ചു. അഞ്ജുവിന്റെ മാതാപിതാക്കൾ ബന്ധം തുടരാൻ താൽപ്പര്യമില്ലെന്നും മകളെ മടക്കി അയക്കാനും പറഞ്ഞു. തുടർന്ന് സെപ്തംബർ 30ന് നാട്ടിലെത്തിയ അഞ്ജു പൊലീസിൽ പരാതി നൽകുകയായിരുന്നു. ഡേറ്റ അനലിറ്റിക്‌സിൽ പി.ജി കഴിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു അഞ്ജുവിന്റെ വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *