ന്യൂഡൽഹി: 2002-ലെ ഗോധ്ര ട്രെയിൻ തീപിടിത്തത്തിന്റെ കാരണം "തർക്കവിഷയമാണ്" എന്ന് വിശേഷിപ്പിക്കുന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പിലെ പരാമർശം തള്ളിക്കളഞ്ഞ് സിബിഐ മുൻ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന. കേസിൽ ഗുജറാത്ത് പോലീസ് അന്വേഷണത്തിന് നേതൃത്വം നൽകിയ ഓഫീസറാണ് അദ്ദേഹം. തീപിടിത്തം മനഃപൂർവ്വം ഉണ്ടാക്കിയതാണെന്ന് അന്വേഷണത്തിലും തുടർന്നുള്ള കോടതി നടപടികളിലും തെളിയിക്കപ്പെട്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നാനാവതി കമ്മീഷനും സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി) കോടതികളും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ ശരിവെച്ചതാണെന്നും അദ്ദേഹം വാദിച്ചു. സോണിയ ഗാന്ധിയുടെ 'ബിലോംഗിംങ്: എ ജേർണി ഓഫ് ലവ്' എന്ന ഓർമ്മക്കുറിപ്പിലെ ഭാഗത്തോട് പ്രതികരിക്കവെ അസ്താന പറഞ്ഞു: "അത് പൂർണ്ണമായും തെറ്റാണ്, അന്വേഷണം ആധികാരികമാണ്. അത് കോടതിയിൽ തെളിയിക്കപ്പെട്ടതാണ്. ഇപ്പോഴും ആരെങ്കിലും അതിൽ സംശയം ജനിപ്പിക്കുന്നുണ്ടെങ്കിൽ അത് രാഷ്ട്രീയ കാരണങ്ങളാലാണ്; അതിന് മറ്റൊരു വിശദീകരണവുമില്ല."
സോണിയ തന്റെ ഓർമ്മക്കുറിപ്പിൽ ഇങ്ങനെ എഴുതുന്നു; "സബർമതി എക്സ്പ്രസിന്റെ നാല് കോച്ചുകൾക്ക് തീയിടുകയും 59 തീർത്ഥാടകർ മരിക്കുകയും ചെയ്തതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. രാമക്ഷേത്ര നിർമ്മാണത്തിനായുള്ള സന്നദ്ധപ്രവർത്തകരായ ഹിന്ദു കർസേവകരുമായി അയോധ്യയിൽ നിന്ന് സംസ്ഥാന തലസ്ഥാനമായ അഹമ്മദാബാദിലേക്ക് മടങ്ങുകയായിരുന്നു ട്രെയിൻ. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും തർക്കവിഷയമായി തുടരുന്നു, എന്നാൽ തുടർന്നുണ്ടായ അസ്വസ്ഥതകൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു."
"ഗോധ്രയിൽ മരിച്ചവരെല്ലാം ഹിന്ദുക്കളായിരുന്നു. ആരുടെ മരണമായാലും—അത് ഹിന്ദുവിന്റെയോ, മുസ്ലീമിന്റെയോ, ക്രിസ്ത്യാനിയുടെയോ, സിഖുകാരന്റെയോ ആകട്ടെ—മരണം മരണമാണ്, കൊലപാതകം കൊലപാതകമാണ്. അതിനാൽ ഞങ്ങൾ അതൊരു ക്രിമിനൽ പ്രവൃത്തിയായാണ് അന്വേഷിച്ചത്. എന്നാൽ നിർഭാഗ്യവശാൽ, മിസ്റ്റർ മോദിക്ക് ഗുണം ചെയ്യുന്ന രീതിയിൽ കേസ് അന്വേഷിക്കാൻ ശ്രമം നടന്നുവെന്ന തരത്തിലാണ് ഈ വിഷയം ചിത്രീകരിക്കപ്പെട്ടത്," അദ്ദേഹം പറഞ്ഞു.
സിഐഡി ക്രൈം യൂണിറ്റിൽ ആരംഭിച്ച് 2008 വരെ തുടർന്ന ഗുജറാത്ത് പോലീസിന്റെ അന്വേഷണം, അന്നത്തെ സിബിഐ ഡയറക്ടർ ആർകെ രാഘവന്റെ നേതൃത്വത്തിൽ സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പിന്നീട് വിശദമായി പരിശോധിച്ചതായുംഅസ്താന ചൂണ്ടിക്കാണിച്ചു. ഗോധ്ര സംഭവത്തെയും തുടർന്നുണ്ടായ വർഗീയ കലാപത്തെയും കുറിച്ച് അന്വേഷിക്കാൻ 2002-ൽ ഗുജറാത്ത് സർക്കാർ രൂപീകരിച്ച നാനാവതി കമ്മീഷന്റെ കണ്ടെത്തലുകളും അസ്താന ഉദ്ധരിച്ചു.
2002 ഫെബ്രുവരി 27-നാണ് ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷന് സമീപം സബർമതി എക്സ്പ്രസിന്റെ എസ്-6 കോച്ചിന് തീപിടിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 59 പേർ കൊല്ലപ്പെട്ടത്. അയോധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന കർസേവകരായിരുന്നു ട്രെയിനിൽ ഉണ്ടായിരുന്നത്.