തിരുവനന്തപുരം: ചാല സ്വർണകവർച്ചക്കേസിൽ മോഷണത്തിന് മുന്നോടിയായി സംഘം ഗൂഢാലോചന നടത്തി. കവർച്ചയ്ക്ക് തലേദിവസം അമോലും ജയറാമും ദിലീപും ഒരു റിഹേഴ്സൽ നടത്തി. എന്നാൽ വിചാരിച്ചതുപോലെ അന്ന് നന്ദകുമാർ കടയിൽനിന്നും ഇറങ്ങാത്തതിനാൽ മോഷണം നടന്നില്ല. പിന്നീട് സാഹചര്യം അനുകൂലമായപ്പോഴാണ് കഴിഞ്ഞദിവസം കൊള്ള നടത്തിയത്. 25 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ ഉറപ്പിച്ചത്. നാല് ലക്ഷം രൂപ സ്വർണം കവർന്നയുടൻ സംഘത്തിന് കൈമാറുകയും ചെയ്തു.
ദിവസങ്ങൾക്ക് മുൻപുതന്നെ കവർച്ചയ്ക്ക് ഗൂഢാലോചന നടന്നു. പ്രധാന പ്രതിയായ അമൂലിന്റെ ഉടമസ്ഥതയിലുള്ള പഴയശാലയിലെ ആറ്റുകാൽ ഗോൾഡ് ആൻഡ് സിൽവർ ടെസ്റ്റിംഗ് സ്ഥാപനത്തിൽ ഒത്തുകൂടി പദ്ധതിയുടെ അവസാനവട്ട അവലോകനവും നടത്തി. സമയം ഉൾപ്പെടെ കൃത്യമായി ഉറപ്പിച്ച ശേഷമായിരുന്നു കവർച്ച. ഇതിനായി ക്രിമിനൽ സംഘത്തിന്റെ സഹായവും തേടി. കിട്ടുന്നതിൽ പകുതി എന്നതായിരുന്നു കരാർ.
കവർച്ചാപദ്ധതിയിലെ ഓരോ ഘട്ടവും ഓരോ ടീമിനെയാണ് ഏൽപ്പിച്ചത്. പരിസര നിരീക്ഷണം,കവർച്ച നടപ്പാക്കൽ, കവർച്ചയ്ക്ക് ശേഷം രക്ഷപ്പെടുന്നതിനുള്ള വാഹനം ഒരുക്കൽ,പോകുന്ന സ്ഥലത്തേക്കുള്ള സംവിധാനം,പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള യാത്ര എന്നിങ്ങനെ വിശദമായ പ്ലാനായിരുന്നു തയ്യാറാക്കിയത്. മോഷണം പിഴവില്ലാതെ നടപ്പാക്കാൻ പലവട്ടം ട്രയൽ റൺ നടത്തി ഉറപ്പിച്ചു. ഒടുവിലാണ് കവർച്ചയിലേക്ക് എത്തിയത്.
സ്വർണം കവർന്നെടുത്ത ഉടൻ ക്വട്ടേഷൻ ഏറ്റെടുത്ത അനൂപ് രാജിന് അമോൽ നാല് ലക്ഷം രൂപ ആദ്യപടി കൈമാറി. ദിലീപിന്റെ കൈയിലേക്കാണ് ഇത് നൽകിയത്. കവർച്ച നടന്ന ദിവസം രാവിലെ 85 ഗ്രാം സ്വർണം വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന് അമുൽ കൈമാറിയിരുന്നു. ഈ സ്വർണം കവർന്നെടുത്തതിൽ നിന്ന് തിരികെ തരണമെന്ന് അമുൽ ക്വട്ടേഷൻ സംഘത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.മാളവിക ജ്വല്ലറി ഉടമ ജയറാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അതേസമയം, കവർച്ചയ്ക്ക് ഉപയോഗിച്ച വാഹനത്തിന്റെ മോഡൽ അന്വേഷണത്തിൽ തിരിച്ചറിഞ്ഞ പൊലീസ്,സമാനമായ ഹോണ്ട വാഹനം കൈവശമുള്ളവരുടെ വിവരം ശേഖരിച്ചപ്പോഴാണ് പ്രതികളിലൊരാളായ ഷാഡോ അനിലിനെക്കുറിച്ച് സംശയം തോന്നിയത്. മുമ്പ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു അനിൽ. അങ്ങനെയാണ് അനിലിന്റെ ഫോൺ നമ്പർ തപ്പിയത്. ഷാഡോ അനിലിന്റെ വാട്സ്ആപ്പ് ഡി.പി ചിത്രത്തിൽ കവർച്ചയ്ക്ക് ഉപയോഗിച്ച് ഹോണ്ട സി.ബി 350 വാഹനം കണ്ടതോടെയാണ് വാഹനം ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പിച്ചത്. തുടർന്ന് ഫോൺ നമ്പർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
കവർച്ച നടത്തിയ ശേഷം പ്രതികൾ ബൈക്കുമായി പാപ്പനംകോട് വരെ പോയി. അവിടെ ബൈക്ക് ഉപേക്ഷിച്ച് അനൂപിന്റെ കാറിൽ കയറി. ഇവർ വരുന്നതും കാത്ത് അനൂപ് അവിടെ ഉണ്ടായിരുന്നു. തുടർന്ന് തമിഴ്നാട്ടിലേക്കായിരുന്നു യാത്ര. ടോൾ ബൂത്തുകൾ വഴി ഇവരുടെ യാത്ര പൊലീസ് അറിയുന്നുണ്ടായിരുന്നു. അന്വേഷണ വിവരം നാട്ടിലെ കൂട്ടുപ്രതികളിൽ നിന്ന് ലഭിച്ചതോടെ സംഘം ബംഗളൂരുവിലേക്ക് കടന്നു. അവിടെ നിന്ന് വയനാട്ടിലെത്തി. വിനോദ സഞ്ചാരത്തിനെത്തിയതാണെന്ന വ്യാജേന റിസോർട്ടിൽ ജോലിചെയ്യുന്ന പരിചയക്കാരനായ രാജീവിനെ വിളിച്ച് മുറി ആവശ്യപ്പെട്ടു. രാജീവിനൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴാണ് പൊലീസ് കാർ വളഞ്ഞ് പ്രതികളെ പിടികൂടുന്നത്.