ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് ലളിത് മോദി,​ അഭിമാനകരമായ നേട്ടമെന്ന് പ്രതികരണം

ലണ്ടൻ : മുൻ ഐ.പി.എൽ ചെയമാൻ ലളിത് മോദിക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചു. ഓക്‌സ്ഫോർഡ് .യൂണിയനിൽ നടത്തിയ പ്രസംഗത്തിനിടെയാണ് തനിക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ച വിവരം ലളിത് മോദി അറിയിച്ചത്. കഴിഞ്ഞ സെപ്തംബർ 15നാണ് ഔദ്യോഗികമായി പൗരത്വം ലഭിച്ചതെന്നും യു.കെയിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തതായും അദ്ദേഹം എക്സിൽ കുറിച്ചു. അഭിമാനകരമായ നിമിഷവും ഒരു പുതിയ അദ്ധ്യായവുമാണെന്ന് മോദി പറഞ്ഞു. ചാൾസ് രാജാവിന്റെ ജന്മദിനത്തിലാണ് താൻ ഈ സന്തോഷ വാർത്ത പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഷങ്ങളായി ബ്രിട്ടൻ എന്റെ വീടാണ്. ബ്രിട്ടീഷ് പൗരനാവുക എന്നത് വലിയൊരു ഉത്തരവാദിത്വവും പദവിയുമാണ്. അഭിമാനത്തോടെയും നന്ദിയോടെയും ഞാനത് ഏറ്റെടുക്കുന്നു. മോദി എക്സിൽ കുറിച്ചു. സ്വന്തം വീടെന്ന് അഭിമാനത്തോടെ വിളിക്കുന്ന ഈ രാജ്യത്തിന് മികച്ച സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2010ലെ ഐ.പി.എൽ ഫൈനലിന് പിന്നാലെ സാമ്പത്തിക തിരിമറി ,​ അച്ചടക്ക ലംഘനം എന്നീ ആരോപണങ്ങളെ തുടർന്ന് ബി.സി.സി.ഐ ലളിത് മോദിയെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് ലളിത് മോദി രാജ്യം വിടുകയായിരുന്നു. ആഭ്യന്തര അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2013ൽ ബി.സി.സി.ഐ മോദിക്ക് ആജീവാനന്ത വിലക്കും ഏർപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *