പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ഒരുങ്ങി. തീർത്ഥാടനത്തിന് മുന്നോടിയായി ഇന്ന് വൈകിട്ട് നാലിന് ശബരിമല നട തുറക്കും. നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിക്കും. കണ്ഠരര് ബ്രഹ്മദത്തന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.
ആഴിയിൽ അഗ്നി പകർന്നശേഷം നിയുക്ത ശബരിമല മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയെയും സോപാനത്തിലേക്ക് ആനയിക്കും. പുതിയ മേൽശാന്തിമാർ ഇന്ന് ചുമതലയേൽക്കുന്നതാണ് പ്രധാന ചടങ്ങ്.
അതേസമയം, തീർത്ഥാടനത്തിന് മുന്നോടിയായി പമ്പയിൽ ജലവിതരണം തടസ്സപ്പെടുത്തിയ സംഭവത്തിൽ ദേവസ്വം ബോർഡ് ജാഗ്രത ശക്തമാക്കി. ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ദേവസ്വം ഗാർഡുമാരെ നിയോഗിച്ചിട്ടുണ്ട്. കരാർ ലഭിക്കാത്തവരുടെ പ്രതികാര നടപടിയാണിതെന്നും മാറ്റങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾ കർശനമായി നേരിടുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു.
പമ്പയിലെ ശുചിമുറികളുടെ ശുചീകരണത്തിനുള്ള ടെൻഡർ നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല. മുഖ്യമന്ത്രി നേരിട്ടെത്തി ശുചിത്വം ഉറപ്പാക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും ടെൻഡർ നടപടികൾ വൈകിയതോടെ ദേവസ്വം ജീവനക്കാരെയാണ് ശുചീകരണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
തീർത്ഥാടകരുടെ സുരക്ഷിത യാത്ര ഉറപ്പാക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതിയും ഫണ്ട് ലഭിക്കാത്തതിനാൽ അനിശ്ചിതത്വത്തിലാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഒരേസമയം 5,000 പൊലീസുകാരെ ശബരിമലയിൽ വിന്യസിച്ചിട്ടുണ്ട്. മിനിറ്റിൽ 75 തീർത്ഥാടകരെ പതിനെട്ടാംപടി കയറ്റാനാണ് ലക്ഷ്യമിടുന്നത്.
വൃശ്ചികം ഒന്നായ നാളെ പുലർച്ചെ മൂന്നിന് നട തുറക്കും. ഇതോടെ മണ്ഡലകാല തീർത്ഥാടനത്തിന് ഔദ്യോഗികമായി തുടക്കമാകും. പുതിയ മേൽശാന്തിമാർ തുടർന്നുള്ള പൂജകൾക്ക് കാർമികത്വം വഹിക്കും.