ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസ്: രണ്ട് പ്രതികളുടെ ജീവപര്യന്തം തടവ് സുപ്രീം കോടതി മരവിപ്പിച്ചു; ജാമ്യം അനുവദിച്ചു

ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ-കൊലപാതക കേസിലെ രണ്ട് പ്രതികളുടെ ജീവപര്യന്തം തടവ് സുപ്രീം കോടതി തിങ്കളാഴ്ച മരവിപ്പിക്കുകയും ഇവർക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. ഇരുവരും 17 വർഷത്തിലധികം ജയിൽ ശിക്ഷ അനുഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ബിപിൻചന്ദ് കനയ്യലാൽ ജോഷി, പ്രദീപ് രാമൻലാൽ മോഡിയ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

"ഇരുകക്ഷികളുടെയും വാദം കേട്ടതിൽ നിന്ന്, അപ്പീൽ നൽകിയവർ പതിനേഴ് വർഷത്തിലധികം തടവിൽ കഴിഞ്ഞിട്ടുണ്ടെന്നും, അപ്പീൽ നൽകിയവരിൽ ഒരാൾക്ക് ഗുരുതരമായ ശാരീരിക വൈകല്യമുണ്ടെന്ന വസ്തുത നിലനിൽക്കുന്നുണ്ടെന്നും വ്യക്തമാക്കിയാൽ മതിയാകും. തീർച്ചയായും, അപ്പീലിൽ വസ്തുതാപരമായും നിയമപരമായും തീരുമാനിക്കേണ്ട വിഷയങ്ങളുണ്ട്," ഉത്തരവിൽ പറയുന്നതായി 'ബാർ ആൻഡ് ബെഞ്ച്' റിപ്പോർട്ട് ചെയ്തു.

2022 ഓഗസ്റ്റിൽ ഗുജറാത്ത് സർക്കാർ ശിക്ഷായിളവ് നൽകി വിട്ടയച്ചതും, പിന്നീട് 2024 ജനുവരിയിൽ സുപ്രീം കോടതി ആ ഉത്തരവ് റദ്ദാക്കിയതുമായ 11 പ്രതികളിൽ ഉൾപ്പെട്ടവർക്കാണ് ജാമ്യം ലഭിച്ചത്. ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ഈ 11 പേരും ശിക്ഷിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *