മെട്രോയ്‌ക്ക് പുറമേ കൊച്ചിയിൽ നടപ്പാക്കാൻ ഇ ശ്രീധരൻ നിർദ്ദേശിച്ച പദ്ധതി,​ ചെലവും കുറവ്,​ ഷാർജയിൽ വൻ വിജയം

കൊച്ചി: കൊച്ചി മെട്രോയ്ക്കും വാട്ടർ മെട്രോയ്ക്കും പിന്നാലെ സ്‌കൈ മെട്രോ പദ്ധതിക്കും സാദ്ധ്യത തേടുന്നു. മട്ടാഞ്ചേരിയിൽ നിന്ന് എറണാകുളം സൗത്തിലേക്ക് 9 കി.മീ പാത നിർദ്ദേശിച്ചത് മെട്രോമാൻ ഇ. ശ്രീധരനാണ്. ഷാർജയിൽ അഞ്ചു വർഷം മുമ്പ് തുടങ്ങിയ സ്‌കൈ പോഡ് ഇതിന് മാതൃകയാക്കാമെന്നാണ് ശ്രീധരന്റെ ശുപാർശ. ഷാർജ പദ്ധതി ഇതുവരെ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് തുടങ്ങിയിട്ടില്ല. സ്റ്റീൽ ഗർഡറുകളിൽ ബന്ധിപ്പിച്ച ഇരുമ്പുകമ്പികളിൽ ഓടുന്ന പോഡുകളിൽ യാത്രികരുമായി നീങ്ങുന്ന സംവിധാനമാണ് സ്‌കൈ മെട്രോ. മെട്രോ റെയിലിനേക്കാൾ നിർമ്മാണച്ചെലവ് കുറവാണ്. നിർമ്മാണസമയവും കുറച്ചുമതി.

ഓരോ കിലോമീറ്ററിലും ഒന്ന് വീതം രണ്ട് ടെർമിനലുകൾ ഉൾപ്പടെ സ്‌കൈബസിന് 10 സ്റ്റേഷനുകൾ. മട്ടാഞ്ചേരിയിൽ നിന്ന് എറണാകുളം സൗത്തിലേക്ക് 9 മിനിറ്റിൽ എത്താം. മാന്ത്ര റോഡ് സാന്റോ ഗോപാലൻ റോഡ് ജംഗ്ഷനിൽ നിന്ന് സാന്റോ ഗോപാലൻ റോഡ്, പി.ടി. ജേക്കബ് റോഡ്, ഗേറ്റ്‌വേ ഒഫ് കൊച്ചിൻ പാലം, പഴയ എൻ.എച്ച് 47, വെണ്ടുരുത്തി പാലം, പെരുമാനൂർ വഴി കൊച്ചിൻ ഷിപ്പ്യാർഡിന്റെ പഴയ റെയിൽവേ അലൈൻമെന്റിലൂടെ എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക് എത്തും.

• സ്റ്റീൽ ഗർഡറുകളിലാണ് 16 യാത്രക്കാരെ കയറ്റാവുന്ന പോഡുകൾ നീങ്ങുക. • 200 മുതൽ 300 മീറ്റർ വരെ ഇടവിട്ടാകും തൂണുകൾ. • മണിക്കൂറിൽ 50-60 കിലോമീറ്ററാണ് വേഗത. • മണിക്കൂറിൽ 1,200 യാത്രക്കാരെയും വഹിക്കാം. • 10 മണിക്കൂർ പ്രവർത്തിച്ചാൽ ദിവസം12,000 യാത്രക്കാർക്ക് സഞ്ചരിക്കാം.

2023ൽ ഷാർജ സ്‌കൈ ബസ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി സന്ദർശിച്ചിരുന്നു. ഇന്ത്യയിലെ ജന, വാഹനതിരക്കുകൾ ഉള്ള പട്ടണങ്ങൾക്ക് യോജിച്ചതാണെന്നും അഭിപ്രായപ്പെട്ടു. ബെലോറൂസിലെ യൂണിറ്റ്സ്‌കൈ സ്ട്രിംഗ് ടെക്‌നോളജീസ് നിർമ്മിച്ചതാണ് ഈ സംവിധാനം. 38 കി.മീ. റൂട്ടാണ് വിഭാവനം ചെയ്തിട്ടുള്ളതെങ്കിലും 2.4 കി.മീറ്ററിൽ പരീക്ഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *