തിരുവനന്തപുരം: ചാല സ്വർണക്കവർച്ച കേസിൽ 202 പവൻ സ്വർണം കണ്ടെടുത്തു. വെള്ളായണിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു 146 പവൻ സ്വർണം. ബാക്കി 56 പവൻ സ്വർണം പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ച വാഹനം വയനാട്ടിൽ നിന്ന് പിടികൂടിയപ്പോൾ കണ്ടെടുത്തിരുന്നു. 250 പവൻ സ്വർണമാണ് ചാലയിലെ വൈഷ്ണവി ജുവലറി ഉടമ നന്ദകുമാറിൽ നിന്ന് മോഷണസംഘം തട്ടിയെടുത്തത്.
അതേസമയം, ചാലയിലെ മളവിക ജുവലറി ഉടമ ജയറാമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റുചില സാമ്പത്തിക തട്ടിപ്പ് കേസുകളിലാണിത്. വൈഷ്ണവി ജുവലറിയിൽ നിന്നും സ്വർണം കവർന്ന കേസിലും ഇയാളുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. സ്വർണക്കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് കുടിപ്പകയാണെന്ന് നേരത്തേ തന്നെ പൊലീസ് സംശയിച്ചിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണമാണ് മാളവിക ജുവലറി ഉടമ ജയറാമിലേക്കെത്തിച്ചത്.
വൈഷ്ണവി ജുവലറി ഉടമ നന്ദകുമാറിനെ സാമ്പത്തികമായി തകർക്കാൻ ചാലയിലെ മറ്റ് ജുവലറി ഉടമകൾ ക്വട്ടേഷൻ നൽകി കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ക്വട്ടേഷൻ സംഘത്തിന് മുൻകൂറായി നാല് ലക്ഷം രൂപ കൈമാറിയതിന്റെ തെളിവും പൊലീസിന് ലഭിച്ചിട്ടുണ്ട്. നന്ദകുമാറിന്റെ ബിസിനസ് വളർച്ചയിൽ അസൂയാലുക്കളായ സമീപത്തെ ജുവലറി ഉടമയും പ്രധാന പ്രതിയുമായ മഹാരാഷ്ട്ര സ്വദേശി അമൂലും കൂട്ടുപ്രതി ദിലീപും ചേർന്നായിരുന്നു ആസൂത്രണം നടത്തിയത്. നഗരത്തിലെ ഒരു ബാറിലിരുന്നായിരുന്നു ആദ്യഘട്ട ഗൂഢാലോചന. ക്രിമിനൽ കേസുകളിൽ പ്രതിയായ അനിലിനാണ് ഇവർ ക്വട്ടേഷൻ നൽകിയത്.
വലിയ അളവിൽ സ്വർണം നഷ്ടപ്പെടുന്നതോടെ നന്ദകുമാറിന് വൻ സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുമെന്നും കണക്കിൽപ്പെടാത്ത സ്വർണമായതിനാൽ പൊലീസിൽ പരാതിപ്പെടില്ലെന്നുമായിരുന്നു പ്രതികളുടെ കണക്കുകൂട്ടൽ. എന്നാൽ, സ്വർണം നഷ്ടപ്പെട്ടതോടെ നന്ദകുമാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. 1.800 കിലോഗ്രാം സ്വർണം നഷ്ടപ്പെട്ടുവെന്നാണ് പരാതി നൽകിയത്. പക്ഷേ, എഫ്ഐആറിൽ രണ്ട് കിലോഗ്രാം സ്വർണം നഷ്ടമായെന്നാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് നന്ദകുമാർ നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവ് കുറച്ച് പറയുകയായിരുന്നു. 15 പവൻ മാത്രമേ നഷ്ടപ്പെട്ടുള്ളു എന്നാണ് ഇയാൾ മാറ്റിപ്പറഞ്ഞത്.