ബന്ധുക്കളെ യാത്രയാക്കാനെത്തി, വന്ദേഭാരതിനുള്ളിൽ പെട്ടുപോയത് 79 മിനിട്ട്, 36,000 രൂപ പിഴ ചുമത്തി റെയിൽവേ

കാൺപൂർ: ബന്ധുക്കളെ യാത്രയാക്കാൻ വന്ദേഭാരത് എക്‌സ്‌പ്രസിൽ കയറിയ 12പേർ ട്രെയിനിനുള്ളിൽ കുടുങ്ങി. ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതിനെത്തുടർന്നാണ് ഇവർ ട്രെയിനിനുള്ളിൽ പെട്ടുപോയത്. പിന്നീട് 79 മിനിട്ടിന് ശേഷം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ പുറത്തിറങ്ങിയ ഇവർക്ക് 36,000 രൂപ റെയിൽവേ പിഴ ചുമത്തുകയും ചെയ്‌തു. ട്രെയിൻ ടിക്കറ്റോ പ്ലാറ്റ്‌ഫോം ടിക്കറ്റോ ഇല്ലാതെ ട്രെയിനിൽ കയറിയതിനാണ് പിഴ ചുമത്തിയത്.

വാരണാസി – ന്യൂഡൽഹി വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിൻ കാൺപൂരിൽ എത്തിയപ്പോൾ സീറ്റ് കണ്ടെത്തുന്നതിനായി സഹായിക്കാനാണ് 12 ബന്ധുക്കളും ട്രെയിനിനുള്ളിൽ കയറിയത്. എന്നാൽ, നാല് മിനിട്ട് മാത്രം സ്റ്റേഷനിൽ നിർത്തുന്ന ട്രെയിൻ ഉടനെ പുറപ്പെട്ടു. ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം ജീവനക്കാരോട് ട്രെയിൻ നിർത്താൻ അഭ്യർത്ഥിച്ചെങ്കിലും അടുത്ത സ്റ്റേഷനിലേ നിർത്താൻ കഴിയൂ എന്ന് അവർ പറഞ്ഞു.

തുടർന്ന് സംഘം ബഹളം വച്ചതോടെ ജീവനക്കാർ വിവഹം തുണ്ഡ്‌ല കൺട്രോൾ റൂമിൽ അറിയിക്കുകയും അവരുടെ നിർദേശപ്രകാരം ട്രെയിൻ ഇറ്റാവ ജംഗ്‌ഷനിൽ നിർത്തി ഇവരെ പുറത്തിറക്കുകയുമായിരുന്നു. 79 മിനിട്ടോളം നീണ്ട യാത്രയ്‌ക്കൊടുവിലാണ് ട്രെയിൻ ഇറ്റാവയിലെത്തിയത്. തുടർന്ന് ടിക്കറ്റ് ഇല്ലാതെ യാത്രചെയ്‌തതിന് ഓരോരുത്തർക്കും 3,000 രൂപ വീതം 12 പേർക്ക് 36,000 രൂപ പിഴ റെയിൽവേ കൊമേഴ്‌സ്യൽ വിഭാഗം ഈടാക്കി.

വന്ദേഭാരത് ട്രെയിനുകൾക്ക് ഓട്ടോമാറ്റിക് വാതിലുകളാണെന്നും അനുമതിയില്ലാതെ ആളുകൾ കോച്ചുകളിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ടെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. വാതിലുകൾ അടയുന്നതിന് മുമ്പുള്ള മുന്നറിയിപ്പ് കേട്ടാലുടൻ യാത്രയാക്കാൻ കയറിയവർ ഇറങ്ങണമെന്നും അല്ലാത്തപക്ഷം യാത്രാക്കൂലിയും പിഴയും നൽകേണ്ടിവരുമെന്നും റെയിൽവേ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *