മഹേന്ദ്ര സിംഗ് ധോണി ഐപിഎല്ലിൽ നിന്നും വിരമിച്ചു; 2027 മുതൽ സിഎസ്‌കെയുടെ മെന്ററായി ചുമതലയേൽക്കും

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ സൂപ്പർ താരം മഹേന്ദ്ര സിംഗ് ധോണി ഐപിഎല്ലിൽ നിന്നും വിരമിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു. 2027ൽ നടക്കാനിരിക്കുന്ന സീസൺ മുതൽ അദ്ദേഹം ചെന്നൈ സൂപ്പർ കിംഗ് (സിഎസ്‌കെ) ടീം മെന്ററായി ചുമതലയേൽക്കും. ആരാധകരിൽ ഏറെ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ് ഈ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.

2008ലെ പ്രഥമ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ആദ്യ കരാർ ഒപ്പിട്ടത് ധോണിയായിരുന്നു. 2007ൽ ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് ഐപിൽ ടീമിലെത്തിയത്. ചെന്നൈയെ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്കും ആഗോള തലത്തിൽ ശ്രദ്ധേയമായ സ്‌പോർട്‌സ് ബ്രാൻഡിലേക്കും വളർത്തിയത് ധോണിയാണ്. കഴിഞ്ഞ സീസണിൽ വിട്ടുമാറാത്ത കാൽമുട്ട് വേദന അലട്ടിയതാണ് വിരമിക്കാൻ താരത്തെ പ്രേരിപ്പിച്ചത്.

വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി സിഎസ്‌കെ മാനേജ്‌മെന്റ് രംഗത്തെത്തി. 'എം എസ് ധോണി ഇല്ലാതെ സിഎസ്‌കെ ഇല്ല. ഏകദേശം രണ്ട് പതിറ്റാണ്ട‌ുകളായി വിജയത്തിലൂടെയും തിരിച്ചടികളിലൂടെയും ഞങ്ങൾ ഒരുമിച്ച് വളർന്നു. 2008ൽ ധോണി സിഎസ്‌കെയുടെ ഭാഗമാകണമെന്ന് ഞാൻ നിർബന്ധിച്ചു. അത് ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനമാണെന്ന് തെളിഞ്ഞു. ധോണി എപ്പോഴും ഞങ്ങളുടെ ഐഡന്റിറ്റിയുടെ ഭാഗമായിരിക്കും' , സിഎസ്‌കെ ഉടമ എൻ ശ്രീനിവാസൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *