ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ബാറിലുണ്ടായ കൂട്ടവെടിവയ്പിൽ 17 പേർ കൊല്ലപ്പെട്ടു. വെടിവയ്പിൽ പരിക്കേറ്റ 15 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. വെസ്റ്റ് റാൻഡ് ജില്ലയിലെ വെഡേലയിൽ ശനിയാഴ്ച വൈകുന്നേരമാണ് വെടിവയ്പുണ്ടായത്.
ജൊഹന്നാസ്ബർഗിന് സമീപമുള്ള ബാറിന് പുറത്ത് മദ്യപിച്ചുകൊണ്ടിരുന്നവർക്കുനേരെ അജ്ഞാതരായ എട്ടംഗ സംഘമെത്തി വെടിയുതിർക്കുകയായിരുന്നു. തുടർന്ന് അക്രമികൾ ബാറിനുള്ളിലേക്ക് കടന്ന് അവിടെയുണ്ടായിരുന്നവർക്ക് നേരെയും വെടിയുതിർത്തതായി പൊലീസ് അറിയിച്ചു. പിസ്റ്റളുകളും എകെ-47 തോക്കുകളും ഉപയോഗിച്ചാണ് അക്രമികൾ വെടിവയ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. ബാറിലുണ്ടായിരുന്നവരെ പരിശോധിച്ച അക്രമികൾ പലരുടെയും മൊബൈൽ ഫോണുകൾ കൈവശപ്പെടുത്തി. തുടർന്ന് നമ്പർ പ്ലേറ്റില്ലാത്ത രണ്ട് വാഹനങ്ങളിലായി ഇവർ കടന്നുകളഞ്ഞെന്നാണ് വിവരം.
'ടേവേണിന് അകത്തും പുറത്തുമായി ആളുകൾ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രതികളെത്തി പുറത്തുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർത്തത്. തുടർന്ന് ടേവേണിനുള്ളിൽ കടന്ന അക്രമികൾ അവിടെയുണ്ടായിരുന്നവർക്ക് നേരെയും വെടിയുതിർക്കുകയായിരുന്നു'- ദക്ഷിണാഫ്രിക്കൻ പൊലീസ് എക്സിലൂടെ അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ 13 പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വെടിവയ്പിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രദേശത്തുണ്ടായിരുന്ന രണ്ട് വാഹനങ്ങൾക്ക് തീയിട്ട ശേഷമാണ് അക്രമികൾ കടന്നുകളഞ്ഞതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.