കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ വായ്പാ തുക തിരിച്ചടച്ചതുകൊണ്ട് മാത്രം പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി. കേസിലെ 23-ാം പ്രതി എ.ജെ. പോൾസൺ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
കരുവന്നൂർ ബാങ്കിൽനിന്ന് രണ്ടരക്കോടി രൂപയുടെ വായ്പ അനുവദിച്ച കേസിലാണ് പോൾസൺ പ്രതിയായത്. വ്യാജരേഖകൾ ഉപയോഗിച്ചാണ് വായ്പ സംഘടിപ്പിച്ചതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയിരുന്നു. വായ്പയായി ലഭിച്ച തുക ഉപയോഗിച്ച് കർണാടകയിൽ ഭൂമി വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പിന്നീട് വായ്പാ തുകയും പലിശയും ഉൾപ്പെടെ 4,30,85,889 രൂപ പോൾസൺ തിരിച്ചടച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ വായ്പാ തുക തിരിച്ചടച്ചത് മാത്രം ക്രിമിനൽ കേസിൽനിന്ന് ഒഴിവാകാനുള്ള കാരണമാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെയാണ് പോൾസന്റെ ഹർജി തള്ളിയത്.