തിരുവനന്തപുരം: പുതിയ ബാര്‍ ലൈസന്‍സുകള്‍ ഫോര്‍-സ്റ്റാര്‍, ഫൈവ്-സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയേക്കും. ഇക്കാര്യത്തിലുള്ള ശുപാര്‍ശ എക്‌സൈസ് വകുപ്പ് നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ത്രീ-സ്റ്റാര്‍ ബാറുകള്‍ക്ക് പുതിയ ലൈസന്‍സ് ലഭിക്കില്ല. മദ്യനയത്തിന്റെ കരട് രൂപം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് ഈ സുപ്രധാന വിവരങ്ങള്‍ പുറത്തുവരുന്നത്.
മാപ്പുകൾ കാണുക
യുഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പുതിയ മദ്യനയം ഉടന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. ത്രീ-സ്റ്റാര്‍ കാറ്റഗറിയിലുള്ള ബാറുകള്‍ക്ക് പുതിയ ലൈസന്‍സ് അനുവദിക്കേണ്ട എന്നാണ് തീരുമാനം. എങ്കിലും നിലവിലുള്ള ബാറുകളുടെ ലൈസന്‍സ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പുതുക്കും. ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. മദ്യപിച്ച് പുറത്തിറങ്ങി വാഹനം ഓടിക്കുന്നവര്‍ അപകടത്തില്‍ പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം ബാര്‍ ഉടമകള്‍ക്ക് നല്‍കാനുള്ള കര്‍ശന വ്യവസ്ഥയും ശുപാര്‍ശയിലുണ്ട്.
പുതിയ ഔട്ട്ലെറ്റുകള്‍ തുറക്കുന്നതിലും വില്‍പ്പന നടത്തുന്ന രീതികളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ബെവ്കോ ഔട്ട്ലെറ്റുകളെ അടിമുടി മാറ്റിയെടുക്കാനും ഡിജിറ്റലൈസ് ചെയ്യാനും തീരുമാനമായിട്ടുണ്ട്. ബെവ്കോ ആപ്പിലെ നിലവിലുള്ള തടസ്സങ്ങളും ക്രമക്കേടുകളും ഒഴിവാക്കാന്‍ സോഫ്റ്റ്വെയറില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തും. മുന്‍കാലങ്ങളിലെ മദ്യനയങ്ങളിലുണ്ടായ തിരിച്ചടികളും പാഠങ്ങളും ഉള്‍ക്കൊണ്ടാണ് പുതിയ നയം രൂപീകരിച്ചിരിക്കുന്നത്. മദ്യവിരുദ്ധ സംഘടനകള്‍, മുന്‍ എക്സൈസ് മന്ത്രിമാര്‍, ബാര്‍ ഉടമകളുടെ സംഘടനകള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകളുടെ കൂടി അടിസ്ഥാനത്തിലാണ് കരട് തയ്യാറാക്കിയത്. മുന്നണി യോഗങ്ങളിലെ ചര്‍ച്ചകള്‍ക്ക് ശേഷം മദ്യനയം സംബന്ധിച്ച അന്തിമ പ്രഖ്യാപനം നടത്തും.