ഡെറാഡൂൺ: ഉത്തരഖാണ്ഡിലെ പിത്തോറഗഢിൽ നടക്കുന്ന പ്രശസ്തമായ ജൗൾജിബി മേളയുടെ ഉദ്ഘാടന വേദിയിൽ പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ ക്ഷുഭിതനായി കോൺഗ്രസ് എംഎൽഎ. ധാർച്ചുല എംഎൽഎ ഹരീഷ് ധാമി പ്രതിഷേധത്തിന്റെ ഭാഗമായി വേദിയിലുണ്ടായിരുന്ന കസേരകളും മൈക്കും വലിച്ചെറിയുകയായിരുന്നു.
മുഖ്യമന്ത്രി പുഷ്കർ സിംഗ് ദാമി വേദി വിട്ടതിന് പിന്നാലെ എംഎൽഎ മൈക്കുകളും കസേരകളും വലിച്ചെറിഞ്ഞ് ബഹളം വയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മേളയുടെ ചെയർപേഴ്‌സൺ ആയിട്ടുപോലും പ്രദേശവാസികളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കാൻ തന്നെ അനുവദിച്ചില്ലെന്നാണ് ഹരീഷ് ധാമിയുടെ ആരോപണം. അഴിമതിയിൽ മുങ്ങിയ സർക്കാരിന് പ്രതിപക്ഷത്തെ ഭയമാണെന്നും സംസ്ഥാനത്തെ അഴിമതികളെക്കുറിച്ചുള്ള സത്യം കേൾക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു.
രണ്ടുദിവസം മുൻപ് എട്ടുവയസുകാരി മരിച്ച സംഭവവും, കാനറിലെ റോഡിന്റെ ഗതാഗത പ്രശ്നവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് താൻ ആഗ്രഹിച്ചതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. മേളകൾ സർക്കാരിനെ പുകഴ്ത്താൻ മാത്രമുള്ള വേദിയല്ലെന്നും ജനങ്ങളുടെ ദുരിതങ്ങൾ പറയാനുള്ള ജനാധിപത്യ വേദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലയിലെ മറ്റൊരു കോൺഗ്രസ് എംഎൽഎയായ മയൂഖ് സിംഗ് മഹാറിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് ജനാധിപത്യ മൂല്യങ്ങളോടുള്ള അവഹേളനമാണെന്ന് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ മുകേഷ് പന്ത് കുറ്റപ്പെടുത്തി.
അതേസമയം എംഎൽഎയുടെ പെരുമാറ്റത്തെ വിമർശിച്ച് ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രിയ്ക്ക് തിരക്കുള്ളതിനാലാണ് ചടങ്ങുകൾ വെട്ടിച്ചുരുക്കിയതെന്ന് ബിജെപി വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെ എംഎൽഎ മോശം ഭാഷ ഉപയോഗിച്ചെന്നും ധാർച്ചുല മണ്ഡലത്തിൽ കോൺഗ്രസിന്റെ അടിത്തറ ഇളകുന്നതിലുള്ള നിരാശയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മുതിർന്ന ബിജെപി നേതാവ് മഹേന്ദ്ര സിംഗ് ബുഡിയാൽ പറഞ്ഞു.