ദുബായ്: ധാരാളം ഇന്ത്യക്കാർ ജോലി ചെയ്യുന്ന രാജ്യമാണ് യുഎഇ. പെട്ടെന്ന് മറ്റൊരു രാജ്യത്തേക്കെത്തുമ്പോൾ അവിടത്തെ നിയമങ്ങളും രീതികളുമെല്ലാം വളരെ കൗതുകം നിറഞ്ഞതായി തോന്നും. പ്രത്യേകിച്ച് യുഎഇയിലെ ട്രാഫിക് നിയമങ്ങൾ നമ്മുടെ നാടിനെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാണ്. പലർക്കും പിഴ കിട്ടിക്കഴിയുമ്പോഴാണ് നിയമലംഘനങ്ങളെക്കുറിച്ചെല്ലാം മനസിലാകുന്നത്. മാത്രമല്ല, യുഎഇയിലെ പാർക്കിംഗ് രീതികളും വളരെ വ്യത്യസ്തമാണ്. പലയിടങ്ങളിലും പാർക്കിംഗ് ഫീസ് നൽകേണ്ടതുണ്ട്. മാത്രമല്ല, നിശ്ചിത സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാൻ അനുവാദവുമുള്ളു.
ഓരോ മേഖല അനുസരിച്ചാണ് യുഎഇയിൽ പാർക്കിംഗ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തരത്തിൽ മണിക്കൂറിന് 50 ദിർഹം അതായത് 1,272 രൂപ നൽകി പാർക്ക് ചെയ്യേണ്ട ഒരു സ്ഥലമുണ്ട്. പാം ജുമൈറയിലെ ക്രസന്റ് ഭാഗത്ത്, നവംബർ നാലിന് പുതുതായി ആരംഭിച്ച വിഐപി പെയ്ഡ് പാർക്കിംഗ് മേഖലയിലാണിത്. പാർക്കിംഗ് സേവന ദാതാക്കളായ 'പാർക്കോണിക്' അറിയിക്കുന്നതനുസരിച്ച്, മണിക്കൂറിന് 50 ദിർഹം എന്ന ഈ നിരക്ക് ആഴ്ചയിൽ ഏഴുദിവസവും 24 മണിക്കൂറും ബാധകമാണ്. ദുബായിലെ ഏറ്റവും ചെലവേറിയ ഓൺ-സ്ട്രീറ്റ് (റോഡരികിലെ) പാർക്കിംഗ് സൗകര്യങ്ങളിൽ ഒന്നാണിത്.
'അറ്റ്ലാന്റിസ്, ദ പാം', 'അറ്റ്ലാന്റിസ് ദ റോയൽ' തുടങ്ങിയ ആഡംബര റിസോർട്ടുകൾക്കും മറ്റ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്കും സമീപമുള്ള മേഖലയായതിനാലാണ് ഇവിടെ ഇത്രയും വലിയ തുക ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്. കടൽത്തീരത്തോട് ചേർന്നുള്ള ഈ പ്രദേശത്ത് നടക്കാനും ഓടാനും കാഴ്ചകൾ ആസ്വദിക്കാനുമായി ധാരാളം താമസക്കാരും സന്ദർശകരും എത്താറുണ്ട്. അതിനാൽ, സാധാരണ സ്ഥലമെന്ന് കരുതി പാർക്ക് ചെയ്യുമ്പോൾ വൻ തുക നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.
ഒരു മണിക്കൂർ: 50 ദിർഹം (12,72 രൂപ)
രണ്ട് മണിക്കൂർ: 100 ദിർഹം (2,544 രൂപ)
നാല് മണിക്കൂർ: 200 ദിർഹം (5,088 രൂപ)
എട്ട് മണിക്കൂർ: 400 ദിർഹം (10,177 രൂപ)
24 മണിക്കൂർ: 1,200 ദിർഹം (30,532 രൂപ)