ലഖ്നൗ: ബന്ധുക്കളെ യാത്രയാക്കാനെത്തി വന്ദേഭാരത് ട്രെയിനിൽ കുടുങ്ങിയ 12 പേർക്ക് 36,000 രൂപ പിഴ. കഴിഞ്ഞദിവസം ഉത്തർപ്രദേശിലാണ് സംഭവം. നിശ്ചിത സമയം കഴിഞ്ഞപ്പോൾ വന്ദേഭാരത് ട്രെയിനിലെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെയാണ് ബന്ധുക്കളെ യാത്രയാക്കാനായി ട്രെയിനിൽ കയറിയ 12 പേർ കുടുങ്ങിപ്പോയത്.
വാരണാസി-ന്യൂഡൽഹി വന്ദേഭാരത് എക്സ്പ്രസിൽ യാത്രചെയ്യേണ്ട ബന്ധുക്കളെ യാത്രയാക്കാനായാണ് കുടുംബാംഗങ്ങളായ മറ്റുള്ളവരും കാൻപുർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ട്രെയിൻ സ്റ്റേഷനിൽ എത്തിയതോടെ യാത്രചെയ്യേണ്ടവർക്കൊപ്പം ബന്ധുക്കളായ 12 പേരും ട്രെയിനിൽ കയറി.ഒടുവിൽ 140 കിലോമീറ്റർ അകലെയുള്ള സ്റ്റേഷനിൽ ട്രെയിൻ നിർത്തിയാണ് ഇവരെ പുറത്തിറക്കിയത്. ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയതിന് ഓരോരുത്തർക്കും 3000 രൂപ വീതം ആകെ 36,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
യാത്രചെയ്യേണ്ടവർക്കൊപ്പം ബന്ധുക്കളായ 12 പേരും ട്രെയിനിൽ കയറി. യാത്രചെയ്യേണ്ടവരുടെ ലഗേജുകൾ എടുത്തുവെയ്ക്കാനും സഹായിക്കാനുമായി ട്രെയിനിൽ കയറിയെന്നാണ് ഇവർ പറയുന്നത്. എന്നാൽ, നിശ്ചിത സമയം കഴിഞ്ഞതോടെ വന്ദേഭാരത് ട്രെയിനിലെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞു. ഇതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 12 പേർക്ക് ട്രെയിനിൽനിന്ന് ഇറങ്ങാനായില്ല. പിന്നാലെ ട്രെയിൻ പ്ലാറ്റ്ഫോമിൽനിന്ന് പുറപ്പെടുകയുംചെയ്തു. ഇതോടെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന മറ്റുബന്ധുക്കളും ആശങ്കയിലായി.
ട്രെയിൻ പുറപ്പെട്ടതോടെ കുടുങ്ങിപ്പോയ 12 പേരും ട്രെയിനിലെ ജീവനക്കാരോട് ട്രെയിൻ നിർത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത്തരത്തിൽ ട്രെയിൻ നിർത്താനും വാതിലുകൾ തുറക്കാനും കഴിയില്ലെന്ന് ജീവനക്കാർ അറിയിച്ചു. ടിടിഇ ഉൾപ്പെടെയുള്ളവർ തുണ്ട്ല റെയിൽവേ കൺട്രോൾ റൂമിലേക്കും വിവരം കൈമാറി. തുടർന്ന് കൺട്രോൾ റൂമിൽനിന്നുള്ള നിർദേശപ്രകാരം 140 കിലോമീറ്റർ അകലെയുള്ള ഇട്ടാവ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് നിർത്തി 12 പേരെയും പുറത്തിറക്കുകയായിരുന്നു.