പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുന്നു; ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്നതിനിടെ ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും സർവീസുകളാണ് നവംബർ 24 വരെ നിർത്തിവെച്ചത്. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നടപടി.

റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കിയ നടപടി തുടരുമെന്നും എയർ ഇന്ത്യ അറിയിച്ചു. നവംബർ 24 വരെ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട്, യാത്രാ തീയതി മാറ്റം, റീ-ഷെഡ്യൂളിങ് എന്നിവയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും വിവിധ വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിച്ചുരുക്കിയിരുന്നു.

അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹൂത്തികളും സൗദി സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതായാണ് റിപ്പോർട്ടുകൾ. റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ട് ടവറിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ വിവിധ രാജ്യങ്ങൾ അപലപിച്ചു.

അമേരിക്കയ്ക്ക് വീണ്ടും കടുത്ത മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തി. ഹോർമുസ് കടലിടുക്കിൽ രണ്ട് മണിക്കൂറിനിടെ രണ്ട് എണ്ണ ടാങ്കറുകൾ കൂടി സ്ഫോടനത്തിനിരയായതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു.

ഇറാൻ-അമേരിക്ക സംഘർഷത്തിനൊപ്പം യമനിലും ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. സൗദിയെ ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ റിയാദിലെ പ്രധാന സാമ്പത്തിക-വാണിജ്യ മേഖലയിലേക്കും വ്യാപിച്ചതോടെ സൗദി സഖ്യസേന തിരിച്ചടി ശക്തമാക്കി.

ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ സംഭരണശാലകൾ, ഡ്രോൺ നിർമാണ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ 60 സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി സഖ്യസേന അറിയിച്ചു. ആക്രമണത്തെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ അപലപിക്കുകയും സൗദിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

അതിനിടെ, ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബ് അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം ഹൂത്തികൾ തിരിച്ചുപിടിച്ചതായും റിപ്പോർട്ടുകളുണ്ട്. ആഗോള ചരക്കുനീക്കത്തിൽ നിർണായക പ്രാധാന്യമുള്ള ഈ കടൽപാതയിലെ നിയന്ത്രണം മേഖലയിലെ സംഘർഷത്തിന്റെ വ്യാപ്തി വർധിപ്പിക്കുമെന്ന ആശങ്കയും ശക്തമാണ്.

പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വിമാനയാത്രയ്ക്കും അന്താരാഷ്ട്ര ചരക്കുനീക്കത്തിനും കൂടുതൽ തടസ്സങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *