കൊച്ചി: പതിനാറുകാരിയായ അതിജീവിതയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി. 27 ആഴ്‌ചയായ
ഗർഭം അലസിപ്പിക്കാനാണ് അനുമതി നൽകിയത്. ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയുടെ ആവശ്യം പരിഗണിച്ചാണ് ഉത്തരവ്. പെൺകുട്ടിയുടെ മാനസികാഘാതം ചൂണ്ടിക്കാട്ടിയായിരുന്നു അമ്മ ഹർജി സമർപ്പിച്ചത്.
പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ജസ്റ്റിസ് ഹരിശങ്കറിന്റേതാണ് ഉത്തരവ്. കോടതി നിർദേശപ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് ഒക്‌ടോബർ 14ന് സമർപ്പിച്ച റിപ്പോർട്ടിൽ ഗർഭം അലസിപ്പിക്കാമെന്ന് ശുപാർശ ചെയ്തിരുന്നു. ഗർഭം തുടരാൻ താത്‌പര്യമില്ലെന്ന പെൺകുട്ടിയുടെയും അമ്മയുടെയും നിലപാടും കോടതി അംഗീകരിച്ചു. ഇരുവരുടെയും രേഖാമൂലമുള്ള സമ്മതപത്രം വാങ്ങണമെന്ന് കോടതി നിർദേശിച്ചു.
ആവശ്യമായ നടപടികൾ കാലതാമസമില്ലാതെ സ്വീകരിക്കണമെന്ന് സർക്കാരിന് നിർദേശം നൽകിയിരിക്കുകയാണ് കോടതി. അതേസമയം, ഗർഭം അലസിപ്പിക്കാനുള്ള നടപടിക്കിടെ കുഞ്ഞ് ജീവനോടെ പുറത്തുവരുന്ന സാഹചര്യമുണ്ടായാൽ ആവശ്യമായ നവജാതശിശു പരിചരണവും ചികിത്സയും ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.